ഗുവാഹത്തി: രാമക്ഷേത്ര പ്രതിഷ്ഠ സമയത്ത് ശ്രീമന്ത ശങ്കരദേവന്‍റെ ജന്മസ്ഥലമായ അസമിലെ ബട്ടദ്രവ സത്രം സന്ദർശിക്കാൻ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് അനുമതിയില്ല.രാഹുല്‍ ഗാന്ധി ബട്ടദ്രവ സത്രം സന്ദർശിക്കരുതെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ആവശ്യപ്പെട്ടു.
അനാവശ്യ മത്സരം സൃഷ്ടിക്കരുത്. അത് അസമിന് ദുഃഖമുണ്ടാക്കും. പ്രതിഷ്ഠ ചടങ്ങിന് കഴിഞ്ഞാല്‍ രാഹുല്‍ ഗാന്ധിക്ക് സത്രം സന്ദർശിക്കാമെന്നും ഹിമന്ത ബിശ്വ ശർമ വ്യക്തമാക്കി.
രാമക്ഷേത്ര പ്രതിഷ്ഠ സമയത്ത് ബട്ടദ്രവ സത്രം സന്ദർശിക്കാൻ കഴിയില്ലെന്ന് സത്രത്തിന്‍റെ മാനേജ്മെന്‍റ് കമ്മിറ്റിയും അറിയിച്ചിട്ടുണ്ട്. പ്രതിഷ്ഠ സമയത്ത് ഒട്ടേറെ ഭക്തരെത്തും. ഒട്ടേറെ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. രാഹുലിന് മൂന്ന് മണിക്ക് ശേഷം സന്ദർശനം നടത്താമെന്നും മാനേജ്മെന്‍റ് കമ്മിറ്റി വ്യക്തമാക്കി.
രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയുടെ അസമിലെ പര്യടനം പുരോഗമിക്കുകയാണ്.
ജനുവരി 25 വരെയാണ് യാത്ര അസമില്‍ തുടരുക. 17 ജില്ലകളിലൂടെ കടന്നു പോകുന്ന യാത്ര അസമില്‍ 833 കിലോമീറ്റർ സഞ്ചരിക്കും. അസം പര്യടനം പൂർത്തിയാക്കുന്ന ന്യായ് യാത്ര തുടർന്ന് മേഘാലയായിലേക്ക് കടക്കും.
തൊഴിലില്ലായ്മയും വിലക്കയറ്റവും സാമൂഹ്യ നീതിയും വിഷയങ്ങളാക്കി ജനുവരി 14ന് മണിപ്പൂരിലെ തൗബാല്‍ ജില്ലയില്‍ നിന്നും യാത്ര തുടങ്ങിയത്. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ ഭാരത് ജോഡോ യാത്രയുടെ വൻ വിജയത്തിന് പിന്നാലെ രാഹുല്‍ ഗാന്ധി കിഴക്കു നിന്ന് പടിഞ്ഞാറേക്ക് നടത്തുന്ന യാത്രയാണിത്.
67 ദിവസത്തിനുള്ളില്‍ 6,713 കിലോമീറ്റർ ദൂരം വാഹനത്തിലും കാല്‍നടയായും രാഹുല്‍ സഞ്ചരിക്കും. 15 സംസ്ഥാനങ്ങളിലായി 110 ജില്ലകളിലൂടെ യാത്ര കടന്നു പോകും. മാർച്ച് 20ന് മുംബൈയില്‍ അവസാനിക്കും.