കൊച്ചി: കേന്ദ്ര അവഗണനയിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ സംഘടിപ്പിക്കുന്ന മനുഷ്യച്ചങ്ങല ഇന്ന് നടക്കും. കാസർകോട് റെയിൽവേ സ്റ്റേഷനു മുന്നിൽനിന്നുമുതൽ തിരുവനന്തപുരത്ത് രാജ്ഭവൻവരെയാണ് പ്രതിഷേധച്ചങ്ങല തീർക്കുക. 20 ലക്ഷത്തിലധികം പേർ ചങ്ങലയുടെ കണ്ണികളാകും.
ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന എന്ന മുദ്രാവാക്യമുയർത്തിയാണ് സമരം. റെയിൽവേ യാത്രാദുരിതം, കേന്ദ്രത്തിന്റെ നിയമന നിരോധനം, സംസ്ഥാനത്തിനെതിരെയുള്ള സാമ്പത്തിക ഉപരോധം എന്നിവയിൽ പ്രതിഷേധിച്ചാണ് മനുഷ്യച്ചങ്ങല തീർക്കുന്നത്. പത്തു ലക്ഷത്തിലധികം യുവജനങ്ങൾ അണിനിരക്കുന്ന ചങ്ങലയിൽ കർഷകരും തൊഴിലാളികളും വിദ്യാർഥികളും അധ്യാപകരും തുടങ്ങി നിരവധി പേർ പങ്കെടുക്കുന്നുണ്ട്.