കോട്ടപ്പുറം : കോട്ടപ്പുറം രൂപതയുടെ നിയുക്ത മെത്രാൻ ഡോ. അംബ്രോസ് പുത്തൻവീട്ടിലിൻ്റെ ഇന്ന് വൈകിട്ട് മൂന്നിന് നടക്കുന്ന മെത്രാഭിഷേക കർമ്മങ്ങളുടെ ഒരുക്കങ്ങൾ പൂർത്തിയായി. വത്തിക്കാൻ പ്രതിനിധി ആർച്ച്ബിഷപ്പ് ഡോ. ലിയോപോൾദോ ജിറെല്ലി കോട്ടപ്പുറം ബിഷപ്പ്സ് ഹൗസിലെത്തി.കോട്ടപ്പുറം സെൻ്റ് മൈക്കിൾസ് കത്തീഡ്രൽ അങ്കണത്തിൽ ഒരുക്കിയിട്ടുള്ള വിശാലമായ പന്തലിലാണ് മെത്രാഭിഷേകകർമ്മവും പൊതുസമ്മേളനവും സജ്ജീകരിച്ചിട്ടുള്ളത്. സീറോ മലബാർ , സീറോ മലങ്കര , ലത്തീൻ റീത്തുകളിൽ നിന്നായി 27 മെത്രാന്മാരും മുന്നൂറോളം വൈദീകരും നാനൂറോളം സന്യസ്തരും പതിനായിരത്തോളം വിശ്വാസികളും പങ്കെടുക്കുമെന്ന് ജനറൽ കൺവീനർ മോൺ. ഡോ. ആൻറണി കുരിശിങ്കൽ അറിയിച്ചു
കത്തീഡ്രലിൻ്റെ മുഖ്യ കവാടത്തിൽ എത്തുന്ന മോൺ.ഡോ. അംബ്രോസ് പുത്തൻവീട്ടിൽ , വത്തിക്കാൻ പ്രതിനിധി ആർച്ച് ബിഷപ്പ് ഡോ. ലിയോപോൾദോ ജിറെല്ലി, കോട്ടപ്പുറം രൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് ഡോ. അലക്സ് വടക്കുംതല എന്നിവർക്ക് സ്വീകരണം നൽകും. തുടർന്ന് വൈദീകരും നിയുക്ത മെത്രാനും മെത്രാന്മാരും മുഖ്യസഹകാർമ്മികരും മുഖ്യകാർമികനും ബലി വേദിയിലേക്ക് പ്രദക്ഷിണമായി എത്തും. വരാപ്പുഴ ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിൻ്റെ മുഖ്യകാർമികത്വത്തിൽ ദിവ്യബലി ആരംഭിക്കും. .കോട്ടപ്പുറം രൂപതയുടെ പ്രഥമ ബിഷപ്പ് ആർച്ച് ബിഷപ്പ് എമിരിറ്റസ് ഡോ. ഫ്രാൻസിസ് കല്ലറക്കലും ദ്വീതിയ ബിഷപ്പ് ഡോ.ജോസഫ് കാരിക്കശ്ശേരിയും മുഖ്യ സഹകാർമികരാകും. കോഴിക്കോട് ബിഷപ്പും കെആർഎൽസിബിസി പ്രസിഡന്റുമായ ബിഷപ്പ് ഡോ.വർഗ്ഗീസ് ചക്കാലക്കൽ വചനപ്രഘോഷണം നടത്തും. അതിനുശേഷമാണ് പരിശുദ്ധാന്മ ഗാനത്തോടെ മെത്രാഭിഷേക കർമ്മങ്ങൾ ആരംഭിക്കുക .മോൺ.ഡോ. അംബ്രോസ് പുത്തൻവീട്ടിലിനെ കോട്ടപ്പുറം ബിഷപ്പായി നിയമിച്ചു കൊണ്ടുള്ള ഫ്രാൻസിസ് പാപ്പയുടെ ബൂള(ത്രീട്ടൂരം) ചാൻസലർ റവ ഡോ. ബെന്നി വാഴക്കൂട്ടത്തിൽ ലത്തീനിലും റവ. ഡോ. ഫ്രാൻസിസ്കോ പടമാടൻ മലയാളത്തിലും വായിക്കും. മുഖ്യകാർമ്മികനും മുഖ്യസഹകാർമ്മികരും സന്നിഹിതരായ എല്ലാ ബിഷപ്പുമാരും നിയുക്ത മെത്രാൻ്റെ ശിരസ്സിൽ കൈകൾ വച്ച് പ്രാർത്ഥിക്കും. നിയുക്ത മെത്രാൻ്റെ ശിരസ്സിൽ പരികർമ്മികൾ വിശുദ്ധ ഗ്രന്ഥം നിവർത്തിപ്പിടിക്കുമ്പോൾ മുഖ്യകാർമ്മികൻ പ്രതിഷ്ഠാപന പ്രാർത്ഥന നടത്തും. മുഖ്യകാർമ്മികൻ നിയുക്ത ബിഷപ്പിൻ്റെ ശിരസ്സിൽ തൈലാഭിഷേകവും നടത്തും. അധികാര ചിഹ്നങ്ങൾ ആയ മോതിരം, അംശമുടി അധികാരദണ്ഡ് എന്നിവ നവാഭിഷ്ക്തനാകുന്ന മോൺ അംബ്രോസിനെ മുഖ്യകാർമ്മികൻ ഏല്പിക്കും . ഔദ്യോഗികമായി കോട്ടപ്പുറം രൂപത അധ്യക്ഷനായി ബിഷപ്പ് ഡോ. അംബ്രോസ് അധികാരം ഏറ്റെടുക്കുന്നതിന്റെ ഭാഗമായി അദ്ദേഹത്തെ സിംഹാനത്തിൽ ഉപവിഷ്ടനാക്കും. നവാഭിഷിക്തൻ വിശ്വാസീ സമൂഹത്തിന്റെ മേൽ തീർത്ഥം തെളിക്കും. ഇവയാണ് മേത്രാഭിഷേകത്തിൻ്റെ പ്രധാന കർമ്മങ്ങൾ. വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ്പ് ഡോ. ലിയോപോൾദോ ജിറെല്ലി, സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലും അനുഗ്രഹപ്രഭാഷണം നടത്തും . ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ നന്ദി പ്രകാശിപ്പിക്കും.
മെത്രാഭിഷേക ചടങ്ങുകൾക്കു ശേഷം നടക്കുന്ന പൊതുസമ്മേളനം വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും .കോട്ടപ്പുറം രൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് ഡോ.അലക്സ് വടക്കുംതല അധ്യക്ഷത വഹിക്കും. സീറോ മലബാർ സഭയിലെ മെൽബൺ രൂപതയുടെ മുൻബിഷപ്പ് മാർ ബോസ്കോ പുത്തൂർ മുഖ്യപ്രഭാഷണം നടത്തും . പ്രതിപക്ഷ നേതാവ് അഡ്വ. വി.ഡി സതീശൻ മുഖ്യാതിഥിയായിരിക്കും .ബെന്നി ബഹനാൻ എംപി, ഹൈബി ഈഡൻ എംപി ,അഡ്വ. വി.ആർ. സുനിൽകുമാർ എംഎൽഎ , ഇ.ടി. ടൈസൻ മാസ്റ്റർ എംഎൽഎ ,, കെആർഎൽസിസി വൈസ് പ്രസിഡൻറ് ജോസഫ് ജൂഡ് , വൈദീക പ്രതിനിധി ഫാ.ജോഷി കല്ലറക്കൽ, സന്യസ്ത പ്രതിനിധി സിസ്റ്റർ ജിജി പുല്ലയിൽ , കെആർഎൽസിസി സെക്രട്ടറി പി.ജെ. തോമസ് , കെസിസി സെക്രട്ടറി ജെസി ജെയിംസ്, ജനറൽ കൺവീനർ മോൺ. ഡോ. ആൻറണി കുരിശിങ്കൽ ,പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഫാ.നിമേഷ് അഗസ്റ്റിൻ കാട്ടാശ്ശേരി എന്നിവർ പ്രസംഗിക്കും .ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ മറുപടി പ്രസംഗം നടത്തും. ,കൊടുങ്ങല്ലൂർ മുൻസിപ്പൽ ചെയർപേഴ്സൺ ടി. കെ. ഗീത,കൗൺസിലർമാരായ എൽസി പോൾ , വി. എം ജോണി , ഫ്രാൻസിസ് ബേക്കൺ, കെഎൽസിഎ രൂപത പ്രസിഡൻറ് അനിൽ കുന്നത്തൂർ, സിഎസ്എസ് പ്രസിഡൻറ് ജിസ്മോൻ ഫ്രാൻസിസ് , കെസിവൈഎം പ്രസിഡൻറ് പോൾ ജോസ് ,കെഎൽസിഡബ്യുഎ പ്രസിഡൻറ് റാണി പ്രദീപ് കെഎൽഎം പ്രസിഡന്റ് വിൻസന്റ് ചിറയത്ത് സിഎൽസി പ്രസിഡൻ്റ് സജു തോമസ് എന്നിവരുടെ സാന്നിധ്യം ഉണ്ടാകും . തുടർന്ന് കലാപരിപാടികളും നടക്കും.