വീണയ്ക്കും എക്സാലോജിക്കിനും 1 ലക്ഷം വീതം പിഴ

Breaking Kerala

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ ടി.വീണയ്ക്കും അവരുടെ കമ്പനി എക്സാലോജിക് സൊലൂഷൻസ് ലിമിറ്റഡിനും കർണാടകയിലെ റജിസ്ട്രാർ ഓഫ് കമ്പനീസ് (ആർഒസി) പിഴ ചുമത്തിയതിന്റെ രേഖ പുറത്ത്. കമ്പനി നിയമം ലംഘിച്ചതിനാണ് പിഴ ചുമത്തിയത്. 2021 ഫെബ്രുവരിയിൽ ആണ് വീണയ്ക്കും കമ്പനിയ്ക്കും ഓരോ ലക്ഷം രൂപ പിഴയിട്ടത്. കമ്പനി നിയമപ്രകാരം റജിസ്റ്റേഡ് ഓഫിസ് പ്രവർത്തിപ്പിച്ചില്ലെന്നും ആർഒസിയെ അറിയിക്കാതെ കമ്പനിയുടെ ആസ്ഥാനം മാറ്റിയെന്നും കാണിച്ചാണു പിഴ ചുമത്തിയത്.
റജിസ്റ്റേഡ് ഓഫിസ് മാറ്റിയാൽ 30 ദിവസത്തിനകം ആർഒസിയെ അറിയിക്കണമെന്നാണു നിയമം. എന്നാൽ ഇത് കൃത്യമായി അറിയിച്ചിരുന്നില്ല.
നിക്ഷേപകരിൽ ഒരാൾ കമ്പനിയുടെ വിലാസത്തിൽ ബന്ധപ്പെട്ടപ്പോഴാണ് ഓഫിസ് മാറ്റിയ വിവരം അറിഞ്ഞത്. ഇയാളുടെ പരാതിയിലാണ് ആർഒസി അന്വേഷണം നടത്തിയത്.
വീണ വിജയന്‍റെ കമ്പനി എക്സാലോജിക്കിനെതിരായ ബെംഗളൂരു രജിസ്ട്രാർ ഓഫ് കമ്പനീസിന്റെ റിപ്പോർട്ടിന്റെ കൂടുതൽ വിവരങ്ങൾ പുറത്തായതിന് പിന്നാലെയാണ് പിഴ ചുമത്തിയെന്ന റിപ്പോർട്ടും പുറത്തുവരുന്നത്. സിബിഐക്കോ ഇഡിക്കോ അന്വേഷണം വിടാമെന്ന് ബംഗളൂരു ആർഒസി റിപ്പോർട്ടിൽ വിശദമാക്കുന്നു.
അഴിമതി നിരോധന നിയമപ്രകാരം സിബിഐക്ക് അന്വേഷണം വിടാം. അതുപോലെ തന്നെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ പ്രകാരം ഇഡിക്കും അന്വേഷിക്കാമെന്നും റിപ്പോർട്ടിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *