തിരുവനന്തപുരം: നവകേരളസദസ്സില്‍ പങ്കെടുക്കണമെന്ന് കുടുംബശ്രീ, തൊഴിലുറപ്പ് തൊഴിലാളികൾക്ക് ചിലർ നിർദ്ദേശം നൽകിയ വാർത്തകൾ നേരത്തെ തന്നെ വന്നിരുന്നതാണ്. എന്നാൽ ഇപ്പോൾ നവകേരള സദസില്‍ പങ്കെടുക്കാത്തവര്‍ക്ക് തൊഴിലുറപ്പ് ജോലി നിഷേധിച്ചതായാണ് പരാതി ഉയർന്നിരിക്കുന്നത്.
തിരുവനന്തപുരം ജില്ലയിലെ ആനാട് പഞ്ചായത്തിലെ ആറ് സ്ത്രീകള്‍ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി.
നവകേരളസദസ്സില്‍ പങ്കെടുക്കാത്തതിനാല്‍ ഒന്‍പതാം വാര്‍ഡിലെ തൊഴിലുറപ്പ് ജോലിയില്‍ നിന്ന് ഒഴിവാക്കി എന്നാണ് പരാതി. പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ വാര്‍ഡിലാണ് തൊഴില്‍ നിഷേധമെന്നു പരാതിക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
പ്രസന്ന, ത്രേസ്യ, ഷീബ എല്‍എസ്, സുലജ, സുനിത, ജോളി ആര് എന്നിവരാണ് പരാതി നല്‍കിയത്. സിപിഎമ്മാണ് ആനാട് പഞ്ചായത്ത് ഭരിക്കുന്നത്.
പ്രശ്നപരിഹാരം ഉണ്ടാക്കാമെന്ന് പഞ്ചായത്ത് പ്രസിഡന്റ് വാക്കാല്‍ അറിയിച്ചെങ്കിലും പരാതിയുമായി മുന്നോട്ട് പോകാനാണ് തൊഴിലാളികളുടെ തീരുമാനം.