തൃശൂര്‍: കാർ പാറമടയിലേക്ക് മറിഞ്ഞ് മൂന്ന് മരണം. കൊമ്പടിഞ്ഞാമാക്കൽ സ്വദേശികളായ ശ്യാം, ജോർജ്, മൂരിക്കാട് സ്വദേശി ടിറ്റോ എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി 10.30ഓടെയായിരുന്നു അപകടം.
മാള കുഴിക്കാട്ടുശ്ശേരി വരദനാട്ടുള്ള പാറമടയിലെ വെള്ളക്കെട്ടിലാണ് കാർ വീണത്. റോഡിന്റെ ഇരുവശത്തും പാറമടയാണ്. നിയന്ത്രണം വിട്ട് 50 അടിയോളം താഴ്ചയുള്ള ഭാഗത്താണ് കാർ വീണത്.
അപകടത്തിനു പിന്നാലെ ആളൂർ പൊലീസും മാള ഫയർഫോഴ്‌സും സ്ഥലത്തെത്തി തിരച്ചിൽ നടത്തിയെങ്കിലും കാർ കണ്ടെത്താനായില്ല. തുടർന്ന് പുലർച്ചെ ഒരു മണിയോടെയാണ് സ്‌കൂബ സംഘമെത്തി കാറിൽനിന്നു മൃതദേഹങ്ങൾ പുറത്തെടുത്തത്. മൂന്നുപേരുടെയും മൃതദേഹങ്ങൾ കുഴിക്കാട്ടുശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.