കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തെ തുടർന്ന് ഇന്നും നാളെയും കൊച്ചി നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് 2 മണി മുതലും നാളെ അതിരാവിലെ 3 മുതൽ ഉച്ചവരെയുമാണ് നിയന്ത്രണം. എം ജി റോഡ്, രാജാജി ജംഗ്ഷൻ, ഹൈക്കോർട്ട് ജംഗ്ഷൻ, കലൂർ, കടവന്ത്ര, തേവര എന്നിവടങ്ങളിൽ നിന്ന് വാഹനങ്ങൾ വഴി തിരിച്ച് വിടും. ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്ന സമയത്ത് നഗരത്തിലേക്ക് വാഹനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കില്ല.
ഇന്ന് വൈകിട്ട് 5 മണിയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തുന്ന പ്രധാനമന്ത്രി 6 മണിക്ക് നഗരത്തിൽ നടക്കുന്ന റോഡ് ഷോയിൽ പങ്കെടുക്കും. എറണാകുളം ഗവ. ഗസ്റ്റ് ഹൗസിൽ താമസിക്കുന്ന അദ്ദേഹം പിറ്റേന്ന് രാവിലെ 6.30 ന് ഗുരുവായൂർക്ക് തിരിക്കും. പ്രശസ്ത സിനിമാ താരവും ബിജെപി നേതാവും മുൻ എംപിയുമായ സുരേഷ് ഗോപിയുടെ മകളുടേതുൾപ്പടെ 4 വിവാഹച്ചടങ്ങുകളിൽ അദ്ദേഹം പങ്കെടുക്കും. അവിടെ നിന്നും തൃപ്രയാർ ക്ഷേത്ര സന്ദർശനത്തിനു ശേഷം കൊച്ചിയിലേക്ക് മടങ്ങും. വില്ലിംഗ്ടൺ ഐലന്റിൽ കൊച്ചിൻ ഷിപ്പ് യാര്‍ഡിന്റെ അന്താരാഷ്ട്ര കപ്പൽ റിപ്പയറിംഗ് കേന്ദ്രം, പുതിയ ഡ്രൈ ഡോക്ക് എന്നിവ പ്രധാനമന്ത്രി രാജ്യത്തിനു സമർപ്പിക്കും.