പീരുമേട്: അനിശ്ചിതത്വങ്ങൾക്കൊടുവിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതോടെ പീരുമേട് മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് ആവേശം കൊടുമുടിയിൽ. അഡ്വ. സിറിയക് തോമസ് യു.ഡി.എഫ് സ്ഥാനാർത്ഥിയായി എത്തിയതോടെ ഇരുമുന്നണികളും കളം നിറഞ്ഞുള്ള പ്രചാരണത്തിലാണ്. എൻ.ഡി.എ സ്ഥാനാർത്ഥി പ്രഖ്യാപനം വരാനിരിക്കുന്നതേയുള്ളൂ.സ്മരണകളിരമ്പുന്ന തുടക്കംമുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം അർപ്പിച്ചാണ് അഡ്വ. സിറിയക് തോമസ് തന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. വെള്ളിയാഴ്ച രാവിലെ ഏലപ്പാറ ജമാഅത്ത് പള്ളിയിലെ ചെറിയ പെരുനാൾ ചടങ്ങുകളിൽ പങ്കെടുത്ത അദ്ദേഹം വിശ്വാസികളെ നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിച്ചു.തുടർന്ന് 35-ാം മൈലിൽ നിന്നും ആരംഭിച്ച റോഡ് ഷോ മണ്ഡലത്തിലെ വിവിധ മേഖലകളിൽ ആവേശം വിതറി ഏലപ്പാറയിൽ സമാപിച്ചു. കോൺഗ്രസ് ഏലപ്പാറ, പീരുമേട് ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്ന തിരഞ്ഞെടുപ്പ് യോഗം ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു. ജില്ലാ-ബ്ലോക്ക് നേതാക്കളും തദ്ദേശ സ്വയംഭരണ പ്രതിനിധികളും റോഡ് ഷോയ്ക്ക് നേതൃത്വം നൽകി.സ്മൃതി മണ്ഡപങ്ങളിൽ പുഷ്പാർച്ചനയുമായി എൽ.ഡി.എഫ്ഇടതുപക്ഷ സ്ഥാനാർത്ഥി കെ. സലിം കുമാർ വാഗമൺ, ഏലപ്പാറ മേഖലകളിൽ പര്യടനം നടത്തി. മുൻ എം.എൽ.എമാരായ വാഴൂർ സോമൻ, കെ.ഐ. രാജൻ, പഴയകാല എ.ഐ.ടി.യു.സി നേതാവ് എസ്.കെ. ആനന്ദൻ എന്നിവരുടെ പാമ്പനാറിലെ സ്മൃതി മണ്ഡപങ്ങളിൽ അദ്ദേഹം പുഷ്പാർച്ചന നടത്തി.അന്തരിച്ച മുൻ എം.എൽ.എ വാഴൂർ സോമന്റെ പത്നി ബിന്ദു സോമനിൽ നിന്നും തിരഞ്ഞെടുപ്പിൽ കെട്ടിവെക്കാനുള്ള തുക സ്വീകരിച്ചത് വൈകാരികമായ ചടങ്ങായി മാറി. എൽ.ഡി.എഫ് കേന്ദ്രങ്ങൾ വലിയ ആത്മവിശ്വാസത്തിലാണ് പ്രചാരണം മുന്നോട്ട് കൊണ്ടുപോകുന്നത്.എൻ.ഡി.എ കാത്തിരിപ്പിൽമണ്ഡലത്തിൽ എൻ.ഡി.എ ഇതുവരെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വണ്ടിപ്പെരിയാറിൽ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്ന് പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. സ്ഥാനാർത്ഥി പ്രഖ്യാപനം വരുന്നതോടെ മണ്ഡലത്തിൽ ത്രികോണ മത്സരത്തിന്റെ ചിത്രം തെളിയും.


