ന്യൂഡൽഹി: ഇന്ത്യ മുന്നണിയുടെ ചെയര്‍പേഴ്സണ്‍ സ്ഥാനത്തേക്ക് ജെ.ഡി.യു. അധ്യക്ഷൻ നിതീഷ് കുമാര്‍ നിര്‍ദേശിച്ചത് രാഹുല്‍ ഗാന്ധിയെ.
എങ്കിലും താഴെത്തട്ടിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ് രാഹുല്‍ ഒഴിയുകയായിരുന്നു. ഇതിന് പിന്നാലെയാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ ചെയർപേഴ്സണായി നിയമിക്കാൻ ധാരണയായത്.
ശനിയാഴ്ച ചേർന്ന ഓൺലൈൻ യോഗത്തിലാണ് സഖ്യത്തിലെ പ്രധാന കക്ഷികൾ ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. യോഗത്തിൽ കൺവീനർ സ്ഥാനത്തേക്ക് നിതീഷ് കുമാറിന്റെ പേര് ഉയർന്നുവെങ്കിലും അന്തിമ തീരുമാനം മാറ്റുകയായിരുന്നു.തൃണമൂൽ കോൺഗ്രസ്, സമാജ്വാദി പാർട്ടി, ശിവസേന-ഉദ്ധവ് വിഭാഗങ്ങൾ യോഗത്തിൽ നിന്ന് വിട്ടുനിന്നു. അതിനിടെ, കൺവീനർ സ്ഥാനത്തേക്ക് തന്നേക്കാൾ മുതിർന്ന നേതാവായ ലാലു പ്രസാദ് യാദവിനെ പരിഗണിക്കണമെന്ന് നിതീഷ് അഭ്യർഥിച്ചതായും സൂചനയുണ്ട്.
ചെയർപേഴ്സൺ സ്ഥാനത്തിന് തൊട്ടുതാഴെയുള്ള റാങ്കാണ് കൺവീനർ. കണ്‍വീനറെ നിയമിക്കുന്ന കാര്യത്തില്‍ ഇന്ത്യാ മുന്നണിയില്‍ യാതൊരു തര്‍ക്കവുമില്ലെന്ന് എൻ.സി.പി. ദേശീയ അധ്യക്ഷൻ ശരദ് പവാര്‍ ശനിയാഴ്ച പ്രതികരിച്ചിരുന്നു.