സൗദിയില്‍ വാഹനങ്ങൾ കൂട്ടിയിടിച്ച് പതിമൂന്ന്‌ പേർ മരിച്ചു

Global

റിയാദ്:വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌ ഒരു കുടുംബത്തിലെ അഞ്ചുപേരുള്‍പ്പടെ 13 പേര്‍ മരിച്ചു. ഉംറക്കായി സ്വന്തം കാറില്‍ മക്കയിലേക്ക് പുറപ്പെട്ട യമൻ പൗരനും കിങ് ഫഹദ് മെഡിക്കല്‍ സിറ്റിയിലെ ഓങ്കോളജി കണ്‍സള്‍ട്ടൻറുമായ ഡോ. ജാഹിം അല്‍ശബ്ഹിയെയും കുടുംബത്തെയും കൂടാതെ മറ്റ് രണ്ട് കാറുകളിലും ഒരു ട്രക്കിലുമുള്ള ആളുകളുമാണ് അപകടത്തില്‍പ്പെട്ടത്. റിയാദില്‍നിന്ന് 75 കിലോമീറ്ററകലെ മുസാഹ്മിയയില്‍ വെച്ച്‌ ഈ മൂന്ന് കാറുകളുടെ നേരെ എതിരില്‍നിന്ന് വന്ന പാകിസ്താനി പൗരൻ ഓടിച്ച ട്രക്ക് ഇടിച്ചുകയറിയായിരുന്നു അപകടം.

ഡോ. ജാഹിം അല്‍ശബ്ഹിയും മക്കളായ അര്‍വ (21), ഫദല്‍ (12), അഹമ്മദ് (8), ജന (5) എന്നിവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഡോക്ടറുടെ ഭാര്യയും മറ്റ് മൂന്നു മക്കളും പരിക്കേറ്റ് ചികിത്സയിലാണ്. മറ്റ് രണ്ട് കാറുകളിലുണ്ടായിരുന്ന എട്ടു പേരും അപകടത്തില്‍ മരിച്ചു. എന്നാല്‍ അവര്‍ ഏത് രാജ്യക്കാരാണെന്ന് അറിവായിട്ടില്ല. ഇടിയുടെ ആഘാതത്തില്‍ ഡോക്ടറും കുടുംബവും സഞ്ചരിച്ച വാഹനം പൂര്‍ണമായി തകര്‍ന്നു. അപകടത്തില്‍ 13 പേര്‍ മരിച്ചതായി ഡോ. ജാഹിം അല്‍ശബ്ഹിയുടെ കൂട്ടുകാരനായ ഡോ. മുശബിബ് അലി അല്‍അസീരി ‘അല്‍അറബിയ നെറ്റ്’ ചാനലിനോട് പറഞ്ഞു. കുടുംബസമേതം ഉംറക്ക് പോകുന്നതിനാല്‍ ഡോക്ടര്‍ സന്തോഷവാനായിരുന്നെന്നും മുസാഹ്മിയയില്‍ എത്തിയപ്പോള്‍ പ്രധാന റോഡില്‍ എതിര്‍ദിശയില്‍നിന്ന് വന്ന പാകിസ്താനി പൗരൻ ഓടിച്ച ട്രക്ക് ഡോക്ടറുടെ വാഹനത്തെയും മറ്റ് രണ്ട് കാറുകളെയും ഇടിക്കുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *