കരുവന്നൂര്‍ ബാങ്ക് കള്ളപ്പണ കേസ് : സിപിഎം നേതാവിന്റെ ജാമ്യാപേക്ഷ രണ്ടാം തവണയും തള്ളി

Kerala

തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് കള്ളപ്പണ കേസില്‍ റിമാൻഡിലുള്ള സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭ സ്റ്റാൻഡിംഗ് കമ്മറ്റി ചെയര്‍മാനുമായ പി ആര്‍ അരവിന്ദാക്ഷന്റെ ജാമ്യാപേക്ഷ തള്ളി കോടതി.കൊച്ചിയിലെ പി എം എല്‍ എ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. രണ്ടാം തവണയാണ് ജാമ്യ ഹര്‍ജി തള്ളുന്നത്. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 27 നാണ് അരവിന്ദാക്ഷൻ അറസ്റ്റില്‍ ആയത്.

അതേ സമയം, കേസില്‍ മൂന്നാം പ്രതിയായ പി ആര്‍ അരവിന്ദാക്ഷൻ കള്ളപ്പണം വെളുപ്പിച്ചതായാണ് ഇ ഡിയുടെ കണ്ടെത്തല്‍. മുഖ്യപ്രതി പി സതീഷ് കുമാറുമായി അരവിന്ദാക്ഷൻ നടത്തിയ സാമ്ബത്തിക ഇടപാടുകളുടെ രേഖകളും ഇത് തെളിയിക്കുന്ന ഫോണ്‍ സംഭാഷണങ്ങളും കോടതിയില്‍ ഹാജരാക്കിയിരുന്നു. അന്വേഷണം തുടരുന്ന സാഹചര്യത്തില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്നാണ് ഇഡിയുടെ വാദം.

എന്നാല്‍ കള്ളപ്പണം വെളുപ്പിച്ചെന്ന വാദം തെറ്റാണെന്നും തന്‍റെ അക്കൗണ്ടിലൂടെ നടത്തിയ സാമ്ബത്തിക ഇടപാട് ക്വാറി, ഹോട്ടല്‍ ബിസിനസ് നടന്ന കാലത്തേതാണെന്നുമാണ് അരവിന്ദാക്ഷൻ കോടതിയെ അറിയിച്ചത്. സതീഷ് കുമാറിന്‍റെ മുൻ ഡ്രൈവറായിരുന്ന അടുപ്പം ഉണ്ടായിരുന്നതായും അരവിന്ദാക്ഷൻ അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *