നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്തിന്റെ പ്രഭവ കേന്ദ്രം അറിയാമെന്ന് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്രമോദി എന്തുകൊണ്ടാണ് നടപടി സ്വീകരിക്കാത്തത് എന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അങ്ങനെ നടപടി സ്വീകരിക്കാത്തത് ബിജെപിയുമായുള്ള സിപിഐഎം കൂട്ടുക്കെട്ടിന്റെ ഭാഗമായാണെന്നും അദ്ദേഹം ആരോപിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ് നടത്തിയ ദേശദ്രോഹ പ്രവർത്തനത്തെപ്പറ്റി അറിഞ്ഞിട്ടും പ്രധാനമന്ത്രി എന്തുകൊണ്ട് പ്രതികരിച്ചില്ല. മുഖ്യമന്ത്രിയുടെ ഓഫീസിനെ വെറുതെ വിട്ടത് എന്തിനെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണം. ജനങ്ങളോട് ഒന്നും പറയാനില്ലാത്ത പ്രധാനമന്ത്രിയാണ് മോദി. കേരളത്തിൽ ബിജെപി ഒരു ശക്തിയല്ല. പാർലമെന്റ് തെരഞ്ഞെടുപ്പിൽ ബിജെപി അക്കൗണ്ട് തുറക്കില്ല. ഇത്തവണ 20 സീറ്റും യുഡിഎഫ് നേടും. കഴിഞ്ഞ തവണ തൃശൂരിൽ ബിജെപി നല്ല മത്സരം കാഴ്ച വെച്ചു. പക്ഷേ ടി എൻ പ്രതാപൻ ജയിച്ചു. ഇത്തവണയും തൃശൂരിൽ യുഡിഎഫ് ജയിക്കും.
പാർലമെന്റ് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കോൺഗ്രസ് ഐക്യത്തിൽ പോകണം. വ്യത്യസ്ത അഭിപ്രായം പറഞ്ഞ് നേതാക്കൾ അന്തരീക്ഷത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കരുതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.