താനൂര്‍ കസ്റ്റഡി കൊലപാതകത്തില്‍ സിബിഐ അന്വേഷണം ശക്തമാക്കി

Breaking Kerala

തിരുവനന്തപുരം : താനൂര്‍ കസ്റ്റഡി കൊലപാതകത്തില്‍ അന്വേഷണം ശക്തമാക്കി സിബിഐ. കേസില്‍ ശാസ്ത്രീയ പരിശോധന നടത്താനാണ് നീക്കം.ശാസ്ത്രീയ പരിശോധന നടത്തുന്നതിന് ഡല്‍ഹി ഫോറന്‍സിക് (സിഎഫ്‌എസ്‌എല്‍) ഉദ്യോഗസ്ഥര്‍ ഇന്ന് താനൂരില്‍ എത്തും. താനൂരിലെ പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ സംഘം പരിശോധന നടത്തും.

താമിര്‍ ജിഫ്രിക്ക് താനൂര്‍ പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ വച്ച്‌ ക്രൂര മര്‍ദ്ദനമേറ്റന്നാണ് മൊഴി. ഈ സാഹചര്യത്തിലാണ് ക്വാര്‍ട്ടേഴ്‌സില്‍ ശാസ്ത്രീയ പരിശോധന നടത്തുന്നത്. കേസിലെ സാക്ഷികളെയും വിളിച്ചുവരുത്തും. ഡിവൈഎസ്പി കുമാര്‍ റോണക്കിന്റെ നേതൃത്വത്തിലുളള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

കേസില്‍ ദൃക്‌സാക്ഷികളായ ചേളാരി സ്വദേശികളായ മന്‍സൂര്‍, ഇബ്രാഹീം, തിരൂരങ്ങാടി സ്വദേശി കെ ടി മുഹമ്മദ്, താനൂര്‍ സ്വദേശികളായ ജബീര്‍, ഫാസില്‍, കൂമണ്ണ സ്വദേശി ആബിദ് എന്നിവരുടെ മൊഴി സിബിഐ നേരത്തെ എടുത്തിരുന്നു.

ആലുങ്ങലിലെ വാടകമുറിയിലും, താനൂര്‍ പൊലീസ് ക്വാര്‍ട്ടേഴ്‌സിലും, താനൂര്‍ പൊലീസ് സ്റ്റേഷനിലും താമിര്‍ ജിഫ്രിക്ക് സംഭവിച്ചത് നേരിട്ട് കണ്ട യുവാക്കള്‍ കേസിലെ പ്രധാന സാക്ഷികളാണ്. കേസില്‍ പൊലീസ് വാദം വ്യാജമാണെന്ന് തെളിയിക്കുന്ന യുവാക്കളുടെ വെളിപ്പെടുത്തല്‍ നേരത്തെ പുറത്ത് വന്നിരുന്നു. ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിലും യുവാക്കളുടെ മൊഴികളായിരുന്നു വഴിത്തിരിവായത്.2023 ഓഗസ്റ്റ് ഒന്നിനാണ് പൊലീസ് കസ്റ്റഡിയിലിരിക്കെ താമിര്‍ ജിഫ്രി കൊല്ലപ്പെട്ടത്. കുടുംബം നടത്തിയ നിയമ പോരാട്ടത്തിന് ഒടുവിലാണ് കേസ് സിബിഐ അന്വേഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *