കൊച്ചി: നവകേരള യാത്ര കാണാൻ കറുത്ത ചുരിദാര്‍ ധരിച്ച് റോഡില്‍ കാത്തുനിന്നതിന് പൊലീസ് കസ്റ്റഡിയിലെടുത്ത യുവതി നഷ്ടപരിഹാരം തേടി ഹൈകോടതിയെ സമീപിച്ചു.ഏഴുമണിക്കൂര്‍ അന്യായമായി തടവില്‍വെച്ചെന്നാരോപിച്ച് പത്തനാപുരം തലവൂര്‍ സ്വദേശിനി എല്‍. അര്‍ച്ചനയാണ് ഹരജി നല്‍കിയത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഹരജി ഒരാഴ്ചക്കുശേഷം പരിഗണിക്കും.
ഡിസംബര്‍ 18ന് ഭര്‍തൃമാതാവിനൊപ്പം രണ്ടാലുംമൂട്ടില്‍ കാത്തുനില്‍ക്കുമ്ബോഴാണ് സംഭവമെന്ന് ഹരജിയില്‍ പറഞ്ഞു. ഭര്‍ത്താവ് ബി.ജെ.പി പ്രാദേശിക ഭാരവാഹിയായതിനാല്‍ യുവതി പ്രതിഷേധിക്കാൻ നില്‍ക്കുകയാണെന്ന തെറ്റായ വിവരത്തെതുടര്‍ന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തതായി പറയുന്നത്. താൻ ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും അംഗമല്ലെന്നും ഹരജിയില്‍ വ്യക്തമാക്കി.