ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പായി പൗരത്വ ഭേദഗതി നിയമം (സിഎഎ) വിജ്ഞാപനം ചെയ്യുമെന്ന് മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍

National

ഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പായി പൗരത്വ ഭേദഗതി നിയമം (സിഎഎ) വിജ്ഞാപനം ചെയ്യുമെന്ന് മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍. നിയമപരമായി ഇന്ത്യയില്‍ പ്രവേശിക്കുകയും പൗരത്വത്തിനായി കാത്തിരിക്കുന്നതിനിടെ രേഖകള്‍ കാലഹരണപ്പെടുകയും ചെയ്ത പാകിസ്ഥാന്‍ ഹിന്ദു സമൂഹത്തിലെ അംഗങ്ങള്‍ക്കും പൗരത്വ ഭേദഗതി നിയമം പ്രകാരം ഓണ്‍ലൈനായി അപേക്ഷിക്കാന്‍ അര്‍ഹതയുണ്ടെന്ന് ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.

പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ആറ് മുസ്ലിം ഇതര സമുദായങ്ങളില്‍പ്പെട്ടതും വിസയും പാസ്‌പോര്‍ട്ടും ഇല്ലാതെ അനധികൃതമായി ഇന്ത്യയിലേക്ക് പ്രവേശിച്ചതുമായ ഇന്ത്യന്‍ പൗരത്വം നല്‍കുന്നതാണ് നിയമം. 2014 ഡിസംബര്‍ 31നോ അതിനുമുമ്പോ ഇന്ത്യയില്‍ പ്രവേശിച്ച മൂന്ന് അയല്‍രാജ്യങ്ങളില്‍ നിന്നുള്ള ഹിന്ദു, സിഖ്, ബുദ്ധ, പാഴ്‌സി, ക്രിസ്ത്യന്‍, ജൈന സമുദായങ്ങളില്‍പ്പെട്ട 11 മുതല്‍ ആറു വര്‍ഷം വരെയായി അപേക്ഷിച്ചവര്‍ക്ക് സിഎഎ അതിവേഗം പൗരത്വം നല്‍കും.

ആവശ്യമെങ്കില്‍ നിയമപരമായ മാറ്റങ്ങള്‍ വരുത്തി 2014ലെ കട്ട് ഓഫ് നീട്ടാമെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. സിഎഎ പ്രകാരം പൗരത്വം ലഭിക്കുന്നതിന്, പ്രത്യേകിച്ച് പശ്ചിമ ബംഗാളിലെയും അസമിലെയും രേഖകളില്ലാത്ത ആളുകളുടെ എണ്ണം മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല. എങ്കിലും പാകിസ്ഥാനില്‍ നിന്നുള്ള 80,000 ഹിന്ദുക്കളുടെ അപേക്ഷകളാണ് തീര്‍പ്പ് കല്‍പ്പിക്കാതെ അധികാരികളുടെ മുമ്പിലുള്ളതെന്ന് ഇന്ത്യയിലെ പാകിസ്ഥാന്‍ ന്യൂനപക്ഷ കുടിയേറ്റക്കാരുടെ അവകാശങ്ങള്‍ക്കായി വാദിക്കുന്ന സീമന്ത് ലോക് സംഗതന്‍ എന്ന സംഘടനയുടെ പ്രസിഡന്റ് ഹിന്ദു സിംഗ് സോധ പറഞ്ഞു.

രാജസ്ഥാനില്‍ പൗരത്വ അപേക്ഷ കെട്ടിക്കിടക്കുന്ന 35,000 പേരുണ്ട്. ഇവരെല്ലാം സാധുവായ പേപ്പറുകളിലും 2010ന് ശേഷമുള്ള വിസയിലും വന്നവരാണ്. അവര്‍ 10 വര്‍ഷത്തിലേറെയായി പൗരത്വത്തിനായി കാത്തിരിക്കുകയാണെന്നും സോധ പറഞ്ഞു.

കേന്ദ്ര ആഭ്യന്തര മന്ത്രാലയം 2018-ല്‍ ഇത്തരം അപേക്ഷകര്‍ക്ക് പൗരത്വ നടപടികള്‍ ഓണ്‍ലൈനാക്കി. പൗരത്വ നിയമത്തിലെ സെക്ഷന്‍ 5 (രജിസ്‌ട്രേഷന്‍), സെക്ഷന്‍ 6 (സ്വാഭാവികവല്‍ക്കരണം) എന്നിവ പ്രകാരം ആറ് സമുദായങ്ങളില്‍പ്പെട്ട അപേക്ഷകര്‍ക്ക് പൗരത്വം നല്‍കുന്നതിന് ഓണ്‍ലൈന്‍ അപേക്ഷകള്‍ സ്വീകരിക്കുന്നതിന് 31 ജില്ലകളിലെ ജില്ലാ കളക്ടര്‍മാര്‍ക്കും ആഭ്യന്തര സെക്രട്ടറിമാര്‍ക്കും അധികാരം നല്‍കുകയും ചെയ്തിട്ടുണ്ട്.

ഓണ്‍ലൈന്‍ നടപടിക്രമം നിലവിലുണ്ടെങ്കിലും പോര്‍ട്ടല്‍ കാലഹരണപ്പെട്ട പാകിസ്ഥാന്‍ പാസ്‌പോര്‍ട്ടുകള്‍ സ്വീകരിക്കുന്നില്ല. ആളുകള്‍ തങ്ങളുടെ പാസ്‌പോര്‍ട്ടുകള്‍ പുതുക്കാന്‍ ഡല്‍ഹിയിലെ പാകിസ്ഥാന്‍ ഹൈക്കമ്മീഷനില്‍ അപേക്ഷിക്കാന്‍ നിര്‍ബന്ധിതരാകുന്നു. ഭൂരിഭാഗം പാക്കിസ്ഥാനി ഹിന്ദുക്കളും സിഖുകാരും ദീര്‍ഘകാല വിസയിലോ അല്ലെങ്കില്‍ തീര്‍ഥാടക വിസയിലോ ആണ് ഇന്ത്യയിലേക്ക് വന്നത്. അഞ്ച് വര്‍ഷത്തേക്ക് നല്‍കുന്ന ദീര്‍ഘകാല വിസ പൗരത്വത്തിന്റെ മുന്നോടിയാണ്.
2015-ല്‍ മന്ത്രാലയം പൗരത്വ നിയമങ്ങള്‍ ഭേദഗതി ചെയ്യുകയും മതത്തിന്റെ പേരില്‍ പീഡനം മൂലം 2014 ഡിസംബറിനോ അതിനുമുമ്പോ ഇന്ത്യയില്‍ പ്രവേശിച്ച ആറ് സമുദായങ്ങളില്‍പ്പെട്ട വിദേശ കുടിയേറ്റക്കാരെ പാസ്‌പോര്‍ട്ട് നിയമത്തിലെയും വിദേശി നിയമത്തിലെയും വ്യവസ്ഥകളില്‍ നിന്ന് ഒഴിവാക്കി അവരുടെ താമസം നിയമവിധേയമാക്കുകയും ചെയ്തു. 2010ല്‍ പാക്കിസ്ഥാനില്‍ മതപരമായ പീഡനം ആരോപിച്ച് ഇന്ത്യയിലെത്തിയ നൂറുകണക്കിന് ഹിന്ദുക്കള്‍ക്കും സിഖുകാര്‍ക്കും ദീര്‍ഘകാല പാസ്പോര്‍ട്ട് നല്‍കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു പി എ സര്‍ക്കാര്‍ 2011ല്‍ തീരുമാനിച്ചിരുന്നു.

ഇതിനകം പൗരത്വത്തിന് അപേക്ഷിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. യോഗ്യരായ കുടിയേറ്റക്കാർക്ക് അവർ താമസിക്കുന്നിടത്ത് നിന്ന് മൊബൈൽ ഫോണുകൾ ഉപയോഗിച്ച് ആഭ്യന്തര മന്ത്രാലയത്തിന്റെ ഒരു സമർപ്പിത പോർട്ടൽ വഴി സിഎഎ പ്രകാരം പൗരത്വത്തിന് അപേക്ഷിക്കാമെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *