തൃശൂർ: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തൃശൂരില്‍. സ്ത്രീശക്തി മോദിക്കൊപ്പം എന്ന പേരില്‍ ബിജെപി നടത്തുന്ന സമ്മേളനത്തില്‍ മൂന്നു മണിക്കു മോദി പ്രസംഗിക്കും. തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ സിഎംഎസ് സ്കൂളിനു മുന്നില്‍ ഒരുക്കിയ വേദിയിലാണ് സമ്മേളനം. രണ്ടര മണിക്കൂറോളം അദ്ദേഹം തൃശൂരിലുണ്ടാകും. കൊച്ചിയില്‍നിന്ന് ഹെലികോപ്റ്ററില്‍ കുട്ടനെല്ലൂര്‍ ഹെലിപ്പാഡില്‍ പ്രധാനമന്ത്രി രണ്ടു മണിയോടെ എത്തും. തുടര്‍ന്നു റോഡ് മാര്‍ഗം തൃശൂരിലേക്കു പോകും. 2.15 നു സ്വരാജ് റൗണ്ടില്‍ എത്തുന്നതോടെ റോഡ് ഷോ. തുടര്‍ന്നു പൊതുസമ്മേളനം. കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് തൃശൂരില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
നരേന്ദ്ര മോദി ഇന്നു തൃശൂരില്‍ പ്രസംഗിക്കുന്നതിന്റെ ഭാഗമായി തൃശൂര്‍ നഗരത്തില്‍ ഇന്നലെ വൈകുന്നേരം മുതലേ പോലീസ് ഗതാഗതം തടഞ്ഞു. ഒരു മുന്നറിയിപ്പും നല്‍കാതെ വൈകുന്നേരം മൂന്നരയോടെ പല പ്രധാന റോഡുകളും അടച്ചു. തൃശൂര്‍ നഗരം ഗതാഗതക്കുരുക്കിലായി. ബസ് അടക്കമുള്ള പൊതുഗതാഗതത്തെ ആശ്രയിക്കുന്ന വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള ആയിരക്കണക്കിനു യാത്രക്കാര്‍ വലഞ്ഞു. ഇന്നു രാവിലെ മുതല്‍ രാത്രിവരെ തൃശൂരില്‍ ഗതാഗത നിയന്ത്രണം ഉണ്ടാകും. മൂവായിരത്തിലേറെ പോലീസുകാരെയാണ് തൃശൂര്‍ നഗരത്തില്‍ വിന്യസിപ്പിച്ചിരിക്കുന്നത്.