ശബരിമല അരവണ വിതരണം കണ്ടെയ്നര്‍ ക്ഷാമത്തെ വീണ്ടും പ്രതിസന്ധിയില്‍

Breaking Kerala

ശബരിമല : കണ്ടെയ്നര്‍ ക്ഷാമത്തെ തുടര്‍ന്ന് ശബരിമലയിലെ പ്രധാന പ്രസാദമായ അരവണ വിതരണത്തില്‍ വീണ്ടും പ്രതിസന്ധി.പ്രതിസന്ധിയെ തുടര്‍ന്ന് ഞായറാഴ്ച രാവിലെ മുതല്‍ ഒരു തീര്‍ത്ഥാടകന് 10 ടിൻ അരവണ വീതം മാത്രമാണ് നല്‍കുന്നത്. മൂന്ന് ലക്ഷം ടിന്‍ അരവണ മാത്രമാണ് നിലവില്‍ കരുതല്‍ ശേഖരത്തിലുള്ളത്. മണ്ഡലപൂജയ്ക്ക് ശേഷം നടയടയ്ക്കുന്ന ദിവസങ്ങളില്‍ ഉത്പാദനം പരമാവധി വര്‍ദ്ധിപ്പിച്ച്‌ കൂടുതല്‍ അരവണ ശേഖരിക്കുന്നതായിരുന്നു മുൻവര്‍ഷങ്ങളിലെ രീതി. എന്നാല്‍ കണ്ടെയ്നര്‍ ക്ഷാമത്തെ തുടര്‍ന്ന് ഇക്കുറി അതിന് സാധിച്ചില്ല.

ഒരുലക്ഷത്തോളം തീര്‍ത്ഥാടകര്‍ സന്നിധാനത്തേക്ക് എത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ രണ്ടരലക്ഷം അരവണയെങ്കിലും പ്രതിദിനം ആവശ്യമായി വരും. ശര്‍ക്കര ക്ഷമത്തെ തുടര്‍ന്ന് മണ്ഡലകാലത്തിന്റെ അവസാന ദിവസങ്ങളില്‍ അരവണ പ്രസാദ വിതരണത്തില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. അത് പരിഹരിച്ച്‌ മുന്നോട്ടുപോകാൻ ശ്രമിക്കുന്നതിനിടെയാണ് കണ്ടെയ്നര്‍ ക്ഷാമ മൂലം അരവണ വിതരണം വീണ്ടും പ്രതിസന്ധിയില്‍ ആയിരിക്കുന്നത്. മണ്ഡല – മകരവിളക്കിനോട് അനുബന്ധിച്ച്‌ രണ്ട് കരാറുകാര്‍ക്കായി രണ്ടുകോടി കണ്ടെയ്നറുകള്‍ക്കാണ് ഓര്‍ഡര്‍ നല്‍കിയിരുന്നത്. ഇതില്‍ ഒരു കരാറുകാരന്‍ കണ്ടെയ്‌നര്‍ എത്തിക്കുന്നതില്‍ വരുത്തിയ വീഴ്ചയാണ് പ്രതിസന്ധിക്ക് ഇടയാക്കിയതെന്നാണ് ദേവസ്വം ബോര്‍ഡ് അധികൃതരില്‍ നിന്നും ലഭിക്കുന്ന വിവരം.വീഴ്ച വരുത്തിയ കരാറുകാരനെതിരെ നോട്ടീസ് നല്‍കിയതായും ആലപ്പുഴ സ്വദേശിയായ മറ്റൊരാള്‍ക്ക് പകരം കരാര്‍ നല്‍കിയതായും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പ്രതിസന്ധി പരിഹരിക്കാൻ ആവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *