‘ഗവര്‍ണറും തൊപ്പിയും’ നാടകം വിലക്കിയ സംഭവം: നടപടി അംഗീകരിക്കാനാകില്ലെന്ന് നാടക സമിതി

Kerala

കൊച്ചി: ‘ഗവര്‍ണറും തൊപ്പിയും’ നാടകം വിലക്കിയ നടപടി അംഗീകരിക്കാനാകില്ലെന്ന് നാടക് സമിതി. ഉത്തരവിനെതിരെ കോടതി തുറന്നതിന് ശേഷം നടപടി സ്വീകരിക്കുമെന്ന് നാടക് സമിതി അറിയിച്ചു.നാടകത്തില്‍ ഒരു മാറ്റവും വരുത്തില്ല. എന്തുകൊണ്ടാണ് വിലക്കെന്ന് ആര്‍ഡിഒയുടെ ഉത്തരവില്‍ വ്യക്തമല്ലെന്ന് നാടക് സമിതി ചോദിച്ചു. കോടതി അംഗീകാരത്തോടെ ഇതേ വേദിയില്‍ നാടകം എത്തിക്കുമെന്നും സമിതി വ്യക്തമാക്കി.

നാടകത്തിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി യാതൊരു ബന്ധമില്ലെന്നും സംഘടിപ്പിക്കാനിരുന്ന അതേ വേദിയില്‍ തന്നെ കളിക്കുമെന്നും നാടക് സമിതിയുടെ എറണാകുളം ജില്ലാ സെക്രട്ടറി ഷാബു കെ മാധവൻ അറിയിച്ചു. ജര്‍മൻ കഥയുടെ പരിഭാഷ ആണ്‌ നാടകമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ‘ഗവര്‍ണറും തൊപ്പിയും’ എന്ന നാടകത്തിനെതിരെയുളള ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സബ് കളക്ടര്‍ ഓഫീസിലേക്ക് ഡിവൈഎഫ്‌ഐ കൊച്ചി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച്‌ നടത്തി. ഡിവൈഎഫ്‌ഐ എറണാകുളം ജില്ലാ സെക്രട്ടറിയേറ്റ് അംഗം അമല്‍ സണ്ണി, ബ്ലോക്ക് പ്രസിഡന്റ് സാഞ്ചസ് റാഫേല്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം സഘടിപ്പിച്ചത്.

കൊച്ചിയിലെ കാര്‍ണിവല്‍ ആഘോഷത്തിന്റെ ഭാഗമായി നാടക് കൊച്ചി മേഖലാ കമ്മിറ്റിയാണ് ‘ഗവര്‍ണറും തൊപ്പിയും’ എന്ന നാടകം അവതരിപ്പിക്കാനൊരുങ്ങിയത്. ഗവര്‍ണറെ അപമാനിക്കാനുള്ള ശ്രമമാണിതെന്ന് ആരോപിച്ച്‌ നാടകത്തിനെതിരേ ബിജെപി ഭാരവാഹികളാണ് പരാതിയുമായി രംഗത്തെത്തിയത്. പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു സബ് കളക്ടറുടെ ഇടപെടല്‍.

Leave a Reply

Your email address will not be published. Required fields are marked *