തൃശൂര്‍: തൃശൂര്‍ എരവിമംഗലത്ത് വീട്ടില്‍ അതിക്രമിച്ച് കടന്ന് കഞ്ചാവ് മാഫിയയുടെ അഴിഞ്ഞാട്ടം. കോഴികളുടെ കണ്ണ് കുത്തിപ്പൊട്ടിച്ച സംഘം ഫിഷ് ടാങ്കില്‍ കല്ലും മണ്ണും നിറച്ചു.ചെടിച്ചട്ടികളും ടൈലുകളും തകര്‍ത്ത അക്രമികള്‍ സോളാര്‍ പാനലുകളും തല്ലിപ്പൊട്ടിച്ചു.
എരവിമംഗലം ചിറയത്ത് ഷാജുവിന്‍റെ വീട്ടിലാണ് അതിക്രമമുണ്ടായത്. വീട്ടുകാര്‍ പുറത്തുപോയ സമയത്താണ് സംഭവം. മതില്‍ ചാടിക്കടന്നാണ് അക്രമിസംഘം വീട്ടില്‍ കയറിയത്. വീടിന്‍റെ സണ്‍ഷേഡിലൂടെ മുകളില്‍ കയറിയാണ് മേല്‍ക്കൂരയിലെ സോളാര്‍ പാനലുകള്‍ അടിച്ചു തകര്‍ത്തത്. ശുചിമുറിയിലെ ടൈലുകള്‍ തകര്‍ക്കുകയും ഇളക്കിമാറ്റുകയും ചെയ്തു. ക്രിസ്മസിന് വീട്ടിന് മുന്നില്‍ സ്ഥാപിച്ച പുല്‍ക്കൂട് നശിപ്പിച്ചു.
ഗ്യാസ് സിലിണ്ടര്‍ പുറത്തേക്കെടുത്തിട്ടു. ഇലക്‌ട്രിക് സ്വിച്ചുകള്‍ കുത്തിപ്പൊട്ടിച്ചു. വീട്ടിനു ചുറ്റുമുള്ള വസ്തുക്കളെല്ലാം വലിച്ച് വാരിയിട്ട നിലയിലായിരുന്നു. വാതില്‍ കുത്തിത്തുറക്കാനും മുറ്റത്ത് നിര്‍ത്തിയിട്ട ബൈക്കില്‍ നിന്ന് എണ്ണ ഊറ്റിയെടുക്കാനും ശ്രമമുണ്ടായി.
അയല്‍ക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് വീട്ടുകാര്‍ രാവിലെ തിരിച്ചെത്തിയപ്പോഴാണ് അക്രമത്തിന്‍റെ ഭീകരത മനസിലാകുന്നത്. തനിക്ക് പ്രത്യേകിച്ച് ശത്രുക്കളാരുമില്ലെന്നും കഞ്ചാവ് സംഘമാണ് സംഭവത്തിന് പിന്നിലെന്നും വീട്ടുടമ ഷാജു പറഞ്ഞു. മേഖലയില്‍ ലഹരിമാഫിയയുടെ അഴിഞ്ഞാട്ടമുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.