മാസ്ക് നിർബന്ധമാക്കിയും ഓക്സിജൻ കിടക്കകൾ ഒരുക്കിയും കേരളവും ജാഗ്രതയിലേക്ക്

Breaking Kerala

തിരുവനന്തപുരം: കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിനെ പ്രതിരോധിക്കാൻ ജാഗ്രതയോടെ പ്രവർത്തനം തുടങ്ങിയിരിക്കുകയാണ് ആരോഗ്യവകുപ്പ്. കോവിഡ് ലക്ഷണങ്ങളുമായി ആശുപത്രികളിലെത്തുന്ന എല്ലാവരെയും പരിശോധിക്കാനാണ് തീരുമാനം.
ആശുപത്രികളിൽ രോഗികൾക്കും ജീവനക്കാർക്കും മാസ്ക് നിർബന്ധമാക്കി. ഗുരുതര രോഗമുള്ളവർ, ഗർഭിണികൾ എന്നിവരും മാസ്‌ക് ധരിക്കണം. കോവിഡ് രോഗികൾക്കായി പ്രത്യേക പരിചരണ സംവിധാനങ്ങൾ ഒരുക്കാനും തീരുമാനമായിട്ടുണ്ട്.
സംസ്ഥാനത്ത് കോവിഡിനെതിരേ നിരീക്ഷണം കൂടുതൽ ശക്തമാക്കും. കൃത്യമായ ഇടവേളകളിൽ പരിശോധനകൾ കൂട്ടും. ആശുപത്രികൾ കൊവിഡ് രോഗികൾക്ക് പ്രത്യേക സൗകര്യമൊരുക്കും. ഗുരുതരമല്ലാത്ത കൊവിഡ് രോഗികളെ മെഡിക്കൽ കോളേജിൽ റഫർ ചെയ്യാതെ ജില്ലകളിൽ ചികിത്സിക്കും. ഇതിനായി നിശ്ചിത കിടക്കകൾ കൊവിഡിനായി ജില്ലകളിൽ മാറ്റിവയ്ക്കാനും ഓക്‌സിജൻ കിടക്കകൾ, ഐസിയു, വെന്റിലേറ്റർ എന്നിവ ഉറപ്പ് വരുത്താനും സർക്കാർ നിർദ്ദേശം നൽകി.
ഡയാലിസിസ് രോഗികൾക്ക് കൊവിഡ് ബാധിച്ചാൽ ഡയാലിസിസ് മുടങ്ങരുതെന്ന് പ്രത്യേകം നിർദ്ദേശിച്ചിട്ടുണ്ട്. ഗുരുതര രോഗമുള്ളവർ, പ്രായമായവർ, ഗർഭിണികൾ എന്നിവർക്ക് പ്രത്യേക പരിഗണന നൽകും.
കൊവിഡ് പോസിറ്റീവായാൽ ചികിത്സിക്കുന്ന ആശുപത്രിയിൽ ചികിത്സ ഉറപ്പാക്കും. ആശുപത്രികളിലുള്ള ഐസൊലേഷൻ വാർഡുകൾ, റൂമുകൾ, ഓക്സിജൻ കിടക്കകൾ, ഐസിയു കിടക്കകൾ, വെന്റിലേറ്റുകൾ എന്നിവയുടെ ലഭ്യത ഉറപ്പ് വരുത്തിയിട്ടുണ്ടെന്നും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ സർക്കാരിനെ അറിയിച്ചിട്ടുണ്ട്. ഓക്‌സിജൻ സൗകര്യം ലഭ്യമായ 1957 കിടക്കകളും, 2454 ഐസിയു കിടക്കകളും 937 വെന്റിലേറ്റർ സൗകര്യമുള്ള ഐസിയു കിടക്കകളും നിലവിൽ സംസ്ഥാനത്തുണ്ട്.
നിലവിലെ ആക്ടീവ് കേസുകളിൽ ബഹുഭൂരിപക്ഷം പേരും നേരിയ രോഗലക്ഷണങ്ങളുള്ളതിനാൽ വീടുകളിലാണ്. മരണമടഞ്ഞവരിൽ ഒരാളൊഴികെ എല്ലാവരും 65 വയസിന് മുകളിലുള്ളവരാണ്. കൂടാതെ ഹൃദ്രോഗം, വൃക്ക സംബന്ധമായ അസുഖങ്ങൾ, പ്രമേഹം, കാൻസർ തുടങ്ങിയ ഗുരുതര അനുബന്ധ രോഗങ്ങൾ ഉള്ളവരുമായിരുന്നുവെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു.
സംസ്ഥാനത്ത് നിലവിൽ 1749 കൊവിഡ് കേസുകളാണുള്ളത്.തിങ്കളാഴ്ച 227 പേരാണ് രോഗബാധിതരായത്. ഈമാസം 10മരണങ്ങളും റിപ്പോർട്ട് ചെയ്തു. തീവ്രവ്യാപന ശേഷിയുള്ള ഒമിക്രോണിനെ പ്രതിരോധ കോട്ട കെട്ടി നേരിടാനാണ് സർക്കാർ നടപടികളെടുക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *