കൊച്ചി: മൂന്ന് പ്രമുഖ അമേരിക്കൻ സർവ്വകലാശാലകളുമായി കൈകോർത്ത് മുൻനിര അന്താരാഷ്ട്ര എഡ്യൂക്കേഷൻ സ്പെഷ്യലിസ്റ്റുകളായ സ്റ്റഡി ഗ്രൂപ്പ്. ഒമാഹയിലെ യൂണിവേഴ്‌സിറ്റി ഓഫ് നബ്രാസ്‌ക, മെരിലാന്‍ഡിലെ ടോസന്‍ യൂണിവേഴ്‌സിറ്റി, സാന്‍ മാര്‍ക്കോസിലെ കാലിഫോര്‍ണിയ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി എന്നിവയുമായാണ് സ്റ്റഡി ഗ്രൂപ്പ് പുതുതായി പങ്കാളികളാകുന്നത്.
യു.കെ, അയർലന്റ് പാത്ത് വേ പ്രോഗ്രാമുകളിലെ വിദ്യാർത്ഥികളിലെ അസാധാരണമായ മുന്നേറ്റങ്ങൾ ഉൾപ്പെടെ സ്റ്റഡി ഗ്രൂപ്പിന്റെ സമീപകാല നേട്ടങ്ങളുടെ തുടർച്ചയായാണ് അമേരിക്കൻ സർവ്വകലാശാലകളുമായുള്ള സഹകരണം. 2024-ഓടെ അന്താരാഷ്ട്ര സര്‍വ്വകലാശാലകളിലേക്കുള്ള വിദ്യാർത്ഥികളുടെ പ്രവേശനം വർധിപ്പിക്കുന്നതിനും ഇവർക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പു വരുത്തുന്നതിനുമുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണ് പുതിയ പങ്കാളിത്തം. ഇതിന് പുറമേ ലോക പ്രശസ്ത വിദ്യാഭ്യാസ വിചക്ഷണയായ പ്രൊഫ. എലീന റോഡ്രീഗസ് ഫാൽക്കണിനെ സ്റ്റഡി ഗ്രൂപ്പിന്റെ പ്രവോസ്റ്റും ചീഫ് അക്കദമിക് ഓഫീസറുമായും നിയമിച്ചിരുന്നു. നിലവിൽ 50ലധികം അന്താരാഷ്ട്ര സർവ്വകലാശാലകളുമായി ശക്തമായ പങ്കാളിത്തമുള്ള സ്ഥാപനമാണ് സ്റ്റഡി ഗ്രൂപ്പ്.
പ്രമുഖ അമേരിക്കൻ സർവ്വകലാശാലകളുമായുള്ള സഹകരണം ഞങ്ങളുടെ ഗ്ലോബൽ സ്ട്രാറ്റജിയിലെ സുപ്രധാന നിമിഷമാണെന്ന് സ്റ്റഡി ഗ്രൂപ്പിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഇയാൻ ക്രിച്ച്ടൺ പറഞ്ഞു. വിദേശ വിദ്യാർത്ഥികളെ വളരെയധികം ആകർഷിക്കുന്ന പഠന കേന്ദ്രങ്ങളാണ് അമേരിക്കൻ സർവ്വകലാശാലകൾ. ഇവിടേക്കുള്ള വിദ്യാർത്ഥികളുടെ പ്രവേശനം എളുപ്പമാക്കാനാണ് സ്റ്റഡി ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. ഇന്ത്യൻ വിദ്യാർത്ഥികൾക്ക് അമേരിക്കയിലെ ലോകോത്തര വിദ്യാഭ്യാസവും തൊഴിൽ സാധ്യതകളും തുറന്നിടുന്നതിൽ ഏറെ സന്തോഷമുണ്ട്. വിദ്യാർത്ഥികൾക്കായി പുതിയ കോഴ്സുകൾ അവതരിപ്പിക്കുമെന്നും ക്രിച്ച്ടൺ വ്യക്തമാക്കി.