വണ്ടിപ്പെരിയാര്‍ കേസ്: നീതിക്കായി ഏതറ്റം വരെയും പോകും; സിബിഐ അന്വേഷണം വേണമെന്ന് കെ സുധാകരന്‍

Breaking Kerala

കുമളി: വണ്ടിപ്പെരിയാറില്‍ ആറു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ഇക്കാര്യം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഹൈക്കോടതിയെ സമീപിക്കും. വണ്ടിപ്പെരിയാറില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന് നീതി കിട്ടാനായി കോണ്‍ഗ്രസ് നിയമപോരാട്ടത്തിനിറങ്ങും. നീതിക്കായി ഏതറ്റം വരെയും പോകുമെന്നും കെ സുധാകരന്‍ പറഞ്ഞു.
വണ്ടിപ്പെരിയാറിലെ കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ സുധാകരന്‍. കേരളത്തിലെ ജനങ്ങളുടെ മനസ്സ് രണ്ടായി വെട്ടിമുറിച്ച സംഭവങ്ങളാണ് വാളയാറും വണ്ടിപ്പെരിയാറും. സമീപഭാവിയിലൊന്നും ഇത്തരത്തില്‍ ഒരു ദുരന്തമുണ്ടായിട്ടില്ല. വണ്ടിപ്പെരിയാറില്‍ പ്രതി കുറ്റം സമ്മതിച്ചിട്ടുപോലും ശിക്ഷ വിധിച്ചിട്ടില്ല. അത് ആശങ്കപ്പെടുത്തുന്നതാണ്.
മജിസ്‌ട്രേറ്റ് കോടതിയില്‍ പ്രതിയുടെ മുഴുവന്‍ സ്റ്റേറ്റ്‌മെന്റും ഉണ്ടെന്നാണ് അറിയുന്നത്. വണ്ടിപ്പെരിയാര്‍ കേസില്‍ നിയമപോരാട്ടത്തിന് കോണ്‍ഗ്രസ് തയ്യാറാണ്. അതിനുപറ്റുന്ന അഭിഭാഷകരെ ലോയേഴ്‌സ് കോണ്‍ഗ്രസ് കണ്ടെത്തിയിട്ടുണ്ട്.
അവര്‍ പെണ്‍കുട്ടിയുടെ കുടുംബവുമായി ബന്ധപ്പെട്ട് സംസാരിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കും. പ്രതിപക്ഷ നേതാവ് നേരത്തെ തന്നെ പെണ്‍കുട്ടിയുടെ വീട്ടില്‍ വന്ന് സംസാരിച്ച് ഇക്കാര്യങ്ങള്‍ അറിയിച്ചിട്ടുണ്ടെന്നും കെ സുധാകരന്‍ പറഞ്ഞു.
പ്രതിയുടെ രാഷ്ട്രീയ സ്വാധീനവും, പൊലീസ് നടത്തിയ അഭ്യാസവുമാണ് വണ്ടിപ്പെരിയാര്‍ കേസ് ഈ തരത്തില്‍ പോയതെന്ന് കെ സുധാകരന്‍ ആരോപിച്ചു. ഇക്കാര്യത്തില്‍ ജനങ്ങള്‍ക്ക് ആര്‍ക്കും സംശയമുണ്ടാകാനിടയില്ല.
കേസിലെ പ്രതിയെ മാതൃകാപരമായി ശിക്ഷിക്കപ്പെടേണ്ടതുണ്ട്. ഇതിനായി ഏതറ്റം വരെയും നിയമപോരാട്ടത്തിനായി കോണ്‍ഗ്രസ് പോകാന്‍ ഒരുക്കമാണ്. സംസ്ഥാന സര്‍ക്കാരിന് സ്വാധീനിക്കാന്‍ കഴിയാത്ത തരത്തില്‍, സിബിഐ പോലുള്ള ഒരു ഏജന്‍സി കേസ് അന്വേഷിക്കണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യമെന്നും കെ സുധാകരന്‍ വ്യക്തമാക്കി.
വണ്ടിപ്പെരിയാര്‍ കേസിലെ പ്രതി അര്‍ജുനെ കോടതി വെറുതെ വിട്ടിരുന്നു. കട്ടപ്പന അതിവേഗ സ്‌പെഷല്‍ കോടതിയാണ് അര്‍ജുനെ വെറുതെവിട്ടത്. കൊലപാതകവും ബലാത്സംഗവും തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് വിലയിരുത്തിയായിരുന്നു കോടതി വിധി. വിരലടയാള വിദഗ്ധനെ കൊണ്ട് പരിശോധിപ്പിക്കുന്നതില്‍ വീഴ്ച പറ്റിയിട്ടുണ്ട്.
പ്രതിക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടു. ശാസ്ത്രീയമായ തെളിവുകള്‍ സ്വീകരിക്കുന്നതില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ പരാജയപ്പെട്ടെന്നും കോടതി വിധിപകര്‍പ്പില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *