പുറത്തുനടക്കുന്ന പ്രതിഷേധങ്ങളെല്ലാം മുഖ്യമന്ത്രി സ്പോണ്‍സര്‍ ചെയ്യുന്നതാണ്:ഗവര്‍ണര്‍

Breaking Kerala

തേഞ്ഞിപ്പലം: പ്രതിഷേധം നടത്തുന്നവര്‍ മുഖ്യമന്ത്രി വാടകക്കെടുത്ത ക്രിമിനലുകളാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ.തന്നെ ഭയപ്പെടുത്താൻ ആര്‍ക്കും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. കാലിക്കറ്റ് സര്‍വകലാശാല ഗസ്റ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍. എസ്.എഫ്.ഐ പ്രതിഷേധങ്ങള്‍ക്കിടെയാണ് ഗവര്‍ണര്‍ കാലിക്കറ്റ് കാമ്ബസിലെത്തിയത്.

പുറത്തുനടക്കുന്ന പ്രതിഷേധങ്ങളെല്ലാം മുഖ്യമന്ത്രി സ്പോണ്‍സര്‍ ചെയ്യുന്നതാണ്. സംസ്ഥാനത്തെ പ്രശ്നങ്ങളില്‍നിന്ന് ശ്രദ്ധ തിരിക്കാനാണിത്. പെൻഷൻ നല്‍കാൻ പോലും സര്‍ക്കാറിന് സാധിക്കുന്നില്ല. കേരളം കടമെടുക്കുന്ന തുകയുടെ 83 ശതമാനവും ശമ്ബളവും പെൻഷനും നല്‍കാനാണ് ചെലവിടുന്നത്. വെറും 17 ശതമാനമാണ് ഇവിടുത്തെ ജനങ്ങളിലേക്ക് എത്തുന്നത്. അതേസമയം, രാഷ്ട്രീയ നിയമനങ്ങള്‍ ഇഷ്ടം പോലെ നടക്കുകയാണ്.
എന്നെ ഭയപ്പെടുത്താമെന്ന് ആരും കരുതണ്ട. അങ്ങനെ ഭയപ്പെടുന്നയാളല്ല ഞാൻ. മുഖ്യമന്ത്രിയുടെ രീതി അതായിരിക്കാം. മുഖ്യമന്ത്രി കണ്ണൂരില്‍ നിന്ന് വരുന്നയാളാണ്. പരസ്പരം കൊല്ലുന്ന ചരിത്രമുള്ളവരാണ് കണ്ണൂരിലേത്. കഴിഞ്ഞ ദിവസം ഞാൻ കാറില്‍ നിന്നിറങ്ങിയതും എസ്.എഫ്.ഐക്കാര്‍ ഓടി. കാരണം അവര്‍ ക്രിമിനലുകളാണ് -ഗവര്‍ണര്‍ പറഞ്ഞു.

ഡല്‍ഹിയില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലിറങ്ങിയ ശേഷമാണ് തേഞ്ഞിപ്പലത്തെ സര്‍വകലാശാല കാമ്ബസിലേക്ക് ഗവര്‍ണര്‍ വന്നത്. സ്ഥലത്ത് വൻ സുരക്ഷയാണ് പൊലീസ് ഒരുക്കിയത്. ഗവര്‍ണര്‍ താമസിക്കുന്ന ഗസ്റ്റ് ഹൗസിന് പുറത്ത് എസ്.എഫ്.ഐ നേതൃത്വത്തില്‍ പ്രതിഷേധം തുടരുകയാണ്.
നേരത്തെ, സര്‍വകലാശാല ഗസ്റ്റ്ഹൗസ് ഉപരോധിച്ച എസ്.എഫ്.ഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോയുടെ നേതൃത്വത്തിലാണ് ഉപരോധസമരം തുടങ്ങിയത്. സര്‍വകലാശാല പ്രവേശന കവാട ഭാഗത്ത് നിന്ന് ഒരുവിഭാഗം എസ്.എഫ്.ഐ പ്രവര്‍ത്തകരും മറുവശത്ത് നിന്ന് മറ്റൊരു വിഭാഗവും പ്രകടനവുമായി എത്തിയാണ് സമരം തുടങ്ങിയത്. പ്രവര്‍ത്തകരെ ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്ത് നീക്കി.

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പൊലീസ് കനത്ത കാവലാണൊരുക്കിയത്. മലപ്പുറം ജില്ലയിലെ ഒട്ടുമിക്ക പൊലീസ് സ്റ്റേഷനുകളില്‍ നിന്നും പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ നിന്നുമായി 500 ഓളം പൊലീസ് ഉദ്യോഗസ്ഥരെയാണ് സര്‍വകലാശാല കാമ്ബസില്‍ വിന്യസിച്ചത്. സര്‍വകലാശാല പ്രധാന പ്രവേശന കവാടം, ഗവര്‍ണര്‍ താമസിക്കുന്ന ഗസ്റ്റ് ഹൗസ് എന്നിവിടങ്ങളിലാണ് കൂടുതല്‍ പൊലീസ് സേനയെ നിയോഗിച്ചത്. കൊണ്ടോട്ടി ഡിവൈ.എസ്.പി മൂസ വള്ളിക്കാടൻ, സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി ഗംഗാധരൻ എന്നിവരുടെ നേതൃത്വത്തിലാണ് സേനാ വിന്യാസം.

Leave a Reply

Your email address will not be published. Required fields are marked *