സുഡാന്: സംഘര്‍ഷഭരിതമായ സുഡാന് ഒരു ‘മുഴുവന്‍ ആഭ്യന്തരയുദ്ധത്തിന്റെ’ വക്കിലാണെന്ന് യുഎന്‍ മുന്നറിയിപ്പ്. ഒരു റെസിഡന്‍ഷ്യല്‍ ഏരിയയില്‍ നടന്ന വ്യോമാക്രമണത്തില്‍ രണ്ട് ഡസനോളം സാധാരണക്കാര്‍ കൊല്ലപ്പെട്ടതിന് ശേഷമാണ് ഞായറാഴ്ച ഐക്യരാഷ്ട്രസഭ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്.
ഒംദുര്‍മാനില്‍ നടന്ന വ്യോമാക്രമണത്തില്‍ 22 പേര് കൊല്ലപ്പെടുകയും ഡസന്‍ കണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിരുന്നു. സംഭവത്തെ യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ഞായറാഴ്ച അപലപിച്ചതായി അദ്ദേഹത്തിന്റെ ഡെപ്യൂട്ടി വക്താവ് ഫര്ഹാന് ഹഖ് പ്രസ്താവനയില്‍ പറഞ്ഞു.
സായുധ സേനകള്‍ തമ്മില്‍ നടന്നുകൊണ്ടിരിക്കുന്ന യുദ്ധം സുഡാനെ ഒരു സമ്പൂര്‍ണ്ണ ആഭ്യന്തര യുദ്ധത്തിന്റെ വക്കിലേക്ക് തള്ളിവിട്ടു, ഇത് മുഴുവന്‍ പ്രദേശത്തെയും അസ്ഥിരപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് ഗുട്ടെറസിന് അഗാധമായ ആശങ്കയുണ്ടെന്ന് ഹഖ് പറഞ്ഞു.
”മനുഷ്യത്വപരവും മനുഷ്യാവകാശവുമായ നിയമങ്ങളോടുള്ള തികഞ്ഞ അവഗണന അപകടകരമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഖാര്‍ത്തൂമിന്റെ സഹോദര നഗരമായ ഒംദുര്‍മാനില്‍ നടന്ന ആക്രമണത്തില്‍ ’22 പേര് മരിച്ചതായും സിവിലിയന്മാരില് നിരവധി പേര്‍ക്ക് പരിക്കേറ്റതായും’ ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു.