കോൺഗ്രസ് പരാജയത്തിന് പിന്നാലെ നിര്‍ണായക നീക്കവുമായി തൃണമൂല്‍

National

ഇന്ത്യ സഖ്യ നേതൃത്വം പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് നല്കണമെന്ന പരോക്ഷ സൂചനയുമായി തൃണമൂൽ കോൺഗ്രസ് രംഗത്തെത്തി. ബിജെപിയെ തോല്പിച്ച ചരിത്രമുള്ളവർക്ക് നേതൃ സ്ഥാനം നല്കണമെന്നാണ് തൃണമൂൽ പറയുന്നത്. പാർട്ടിയുടെ മുഖപത്രമായ ജാഗോ ബംഗ്ലയിലെ എഡിറ്റോറിയലിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ബിജെപി വിരുദ്ധ സഖ്യത്തിന് നേതൃത്വം നല്‍കേണ്ടത് ബിജെപിയെ പല തവണ തോല്‍പ്പിച്ച് പരിചയമുള്ള ആളായിരിക്കണമെന്നാണ് മുഖപ്രസംഗത്തിലുള്ളത്.
ബിജെപിക്കെതിരെ ധീരമായി പോരാടുന്നതും ഓരോ തവണയും ജയിക്കുന്നതും തൃണമൂലാണെന്ന് കോൺഗ്രസ് ഓർക്കണം. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ഒരു ഡസൻ ബിജെപി നേതാക്കളും ബംഗാളിൽ പ്രചാരണം നടത്തിയെങ്കിലും മമത ബാനർജിയെ പരാജയപ്പെടുത്താൻ കഴിഞ്ഞില്ല. അതുകൊണ്ടാണ് അവർ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് ഗീബൽസിയൻ തന്ത്രങ്ങൾ പ്രയോഗിക്കുന്നത്”- എഡിറ്റോറിയലില്‍ പറയുന്നു.

കോൺഗ്രസ് തങ്ങളുടെ തെറ്റുകളിൽ നിന്ന് പാഠം ഉൾക്കൊണ്ട് പ്രാദേശിക നേതാക്കൾക്ക് അർഹമായ ബഹുമാനം നൽകണമെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. അതേസമയം തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ കോണ്‍ഗ്രസ് വിളിച്ച ഇന്ത്യാ സഖ്യ യോഗത്തിലേക്ക് ക്ഷണം ലഭിച്ചിട്ടില്ലെന്നും തൃണമൂല്‍ നേതാക്കള്‍ പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *