ചെന്നൈ: ചെന്നൈയിലും അതിന്റെ സമീപ ജില്ലകളിലും വന്‍ നാശം വിതയ്ക്കുന്ന മൈചൗങ് ചുഴലിക്കാറ്റ് ഡിസംബര്‍ 5 ന് രാവിലെ ഉച്ചയോടെ ബപട്ലയ്ക്ക് സമീപം കരയില്‍ പതിക്കുമെന്ന് ഇന്ത്യന്‍ മെട്രോളജിക്കല്‍ ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. കാറ്റിന്റെ വേഗത മണിക്കൂറില്‍ 90-100 കിലോമീറ്റര്‍ വേഗതയിലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, എന്നിവിടങ്ങളില്‍ മഴ തുടരാന്‍ സാധ്യതയുണ്ട്. ചെങ്കല്‍പട്ട്, റാണിപേട്ട് ജില്ലകളില്‍ തിങ്കളാഴ്ച വരെ മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശിയടിക്കും.
കനത്ത മഴയില്‍ തലസ്ഥാന നഗരിയില്‍ ആറ് പേര്‍ മരിച്ചതായി ചൊവ്വാഴ്ച പോലീസ് അറിയിച്ചു. അപകടത്തില്‍പ്പെട്ടവരില്‍, രണ്ട് വ്യക്തികള്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു, സമ്പന്നമായ ബസന്ത് നഗര്‍ പ്രദേശത്ത് മരം വീണു മറ്റൊരാള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. നഗരത്തിലെ മത്സ്യത്തൊഴിലാളികളുടെ കുഗ്രാമങ്ങളിലൊന്നായ നൊച്ചിക്കുപ്പത്ത് ഭിത്തി ഇടിഞ്ഞുവീണ് ഒരാള്‍ കൂടി മരിച്ചു.
അതേസമയം, മഴ തുടരുന്ന സാഹചര്യത്തില്‍ ചെന്നൈ, ചെങ്കല്‍പട്ട്, തിരുവള്ളൂര്‍, കാഞ്ചീപുരം എന്നീ നാല് ജില്ലകളില്‍ ഡിസംബര്‍ അഞ്ചിന് തമിഴ്നാട് സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിച്ചു.
ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കനത്ത മഴയും വന്‍ വെള്ളക്കെട്ടും മൂലം നാശം വിതച്ച ചെന്നൈയിലെ മുഗളിവാക്കം, മണപ്പാക്കം പ്രദേശങ്ങളില്‍ കുടുങ്ങിയ ആളുകളെ ഇന്ത്യന്‍ ആര്‍മിയുടെ മദ്രാസ് യൂണിറ്റ് രക്ഷപ്പെടുത്തി.
ചുഴലിക്കാറ്റിന്റെ ആഘാതത്തില്‍ തമിഴ്നാടിന്റെ തലസ്ഥാനത്തും അയല്‍ സംസ്ഥാനത്തിന്റെ സമീപ ജില്ലകളിലും കനത്ത മഴ തുടരുന്നതിനാല്‍ തിങ്കളാഴ്ച ചെന്നൈയില്‍ നിന്നുള്ള 33 വിമാനങ്ങള്‍ ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് (കെഐഎ) തിരിച്ചുവിട്ടു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തിങ്കളാഴ്ച തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനോട് ഫോണില്‍ വിളിച്ച് മഴക്കെടുതിയെ കുറിച്ച് ചോദിച്ചറിഞ്ഞു. പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങളെ സഹായിക്കാന്‍ കൂടുതല്‍ എന്‍ഡിആര്‍എഫ് ടീമുകളെ മുഖ്യമന്ത്രി സ്റ്റാലിന്‍ അഭ്യര്‍ത്ഥിച്ചു. നാശനഷ്ടങ്ങള്‍ വിലയിരുത്തിയശേഷം കേന്ദ്രസഹായം തേടുമെന്നും സ്റ്റാലിന്‍ കേന്ദ്രമന്ത്രിയെ അറിയിച്ചു.