സന്നിധാനത്ത് വന്യമൃഗങ്ങളോ ഇഴജന്തുക്കളോ എത്താതെ ജാഗരൂകരായി വനംവകുപ്പ്: 59 പാമ്പുകളെ പിടികൂടി

Breaking Kerala

ശബരിമല : അയ്യപ്പന്മാര്‍ നിറഞ്ഞ സന്നിധാനത്ത് വന്യമൃഗങ്ങളോ ഇഴജന്തുക്കളോ എത്താതെ എപ്പോഴും ജാഗരൂകരാണ് വനം വകുപ്പ്.അയ്യപ്പഭക്തരുടെ സുരക്ഷിത കാനന യാത്ര, കാടിന്റെയും വന്യമൃഗങ്ങളുടെയും സുരക്ഷിതത്വം എന്നിവയ്ക്ക് മുന്‍കരുതല്‍ നല്‍കിയാണ് വനം വകുപ്പ് ശബരിമലയില്‍ എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിരിക്കുന്നത്.

മണ്ഡലകാലം ആരംഭിക്കുന്നതിനു മുമ്ബ് തന്നെ സന്നിധാനത്തു നിന്നും 88 പന്നികളെയാണ് പിടികൂടി മാറ്റിയത്.മുന്‍ വര്‍ഷങ്ങളില്‍ അയ്യപ്പഭക്തര്‍ക്കു അപകടകരമാകുന്ന രീതിയില്‍ കണ്ടുവന്ന പന്നികളെ സന്നിധാനത്തു നിന്ന് നീക്കം ചെയ്യാന്‍ കഴിഞ്ഞത് വനംവകുപ്പിന്റെ സമയോചിതമായ ഇടപെടലിലൂടെയാണ്. വലിയ കൂടുകളില്‍ പിടികൂടിയാണ് പന്നികളെ ഉള്‍ക്കാടുകളില്‍ തുറന്നുവിട്ടത്.

മണ്ഡലകാലം ആരംഭിച്ചതിനു ശേഷം ഇന്നലെ (ഡിസംബര്‍ 2) വരെ 59 പാമ്ബുകളെയാണ് സന്നിധാനത്തു നിന്നും പിടികൂടിയത്.പിടികൂടിയവയെ സുരക്ഷിതമായി ഉള്‍ക്കാടുകളില്‍ തുറന്നു വിടും. ഇടത്താവളങ്ങളിലെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി എലിഫന്റ് സ്‌ക്വാഡ്, സ്‌നേക്ക് സ്‌ക്വാഡ് തുടങ്ങിയ വിഭാഗങ്ങളില്‍ പ്രത്യേകം ട്രെയിനിങ് ലഭിച്ച ഉദ്യോഗസ്ഥരുടെ സേവനവും ലഭ്യമാണ്.

എരുമേലി, പുല്‍മേട് തുടങ്ങിയ കാനനപാതകളില്‍ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഉപകരണങ്ങളാല്‍ സദാസമയവും നിരീക്ഷണം നടത്തുന്നു. വന്യമൃഗങ്ങളുടെ സാന്നിധ്യം കണ്ടെത്തിയാല്‍ ഇവ ചെറുക്കുന്നതിനാവശ്യമായ ഉപകരണങ്ങളും സജ്ജമാണ്. ഇതിന് പുറമെ, രാത്രി സമയങ്ങളില്‍ വനാതിര്‍ത്തികളില്‍ പ്രത്യേക സ്‌ക്വാഡുകളുടെ സുരക്ഷാ പട്രോളിങ്ങും നടത്തുന്നു. കുരങ്ങ്, മലയണ്ണാന്‍ തുടങ്ങിയ വന്യജീവികള്‍ക്ക് ഭക്ഷണപദാര്‍ഥങ്ങള്‍ നല്‍കരുതെന്ന് അയ്യപ്പഭക്തരോട് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അഭ്യര്‍ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *