എറണാകുളം: ജാതി തോട്ടത്തില്‍ പൊട്ടിവീണ വൈദ്യുതി കമ്ബിയില്‍ നിന്ന് ഷോക്കേറ്റ് ഇതരസംസ്ഥാന തൊഴിലാളിയുടെ മകന് ദാരുണാന്ത്യം.മൂവാറ്റുപുഴ പേഴക്കാപ്പിള്ളിയിലാണ് സംഭവം. ആസാം സ്വദേശിയായ റാബുല്‍ ഹുസൈൻ (11) ആണ് മരിച്ചത്. റാബുലിന്റെ കാലുകള്‍ക്ക് പൊള്ളലേറ്റ സഹോദരനെ കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തില്‍ പൊലീസും കെഎസ്ഇബിയും അന്വേഷണം ആരംഭിച്ചു.
ഇന്ന് രാവിലെ 11.30ഓടെയാണ് സംഭവം. റാബുലും മാതാപിതാക്കളും ആക്രി ശേഖരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഉപയോഗശൂന്യമായ കമ്ബി എന്ന് കരുതി പൊട്ടികിടന്ന വൈദ്യുതി കമ്ബിയില്‍ പിടിച്ചതാണ് ഷോക്കേല്‍ക്കാൻ കാരണമെന്നാണ് കരുതുന്നത്. കരച്ചില് കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും റാബുല്‍ മരിച്ചിരുന്നു.ജാതി തോട്ടത്തില്‍ വൈദ്യുതി കമ്ബി പൊട്ടിവീഴാനിടയായ സാഹചര്യത്തെകുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കമ്ബി പൊട്ടിയിട്ട് വൈദ്യുതി വിതരണം നിര്‍ത്തി വയ്ക്കാനോ കമ്ബി നീക്കാനോ നടപടി സ്വീകരിക്കാത്തത് സംബന്ധിച്ചും വ്യക്തതയില്ല. ഇക്കാര്യത്തില്‍ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച ഉള്‍പ്പെടെ അന്വേഷിക്കണമെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.