കുസാറ്റ് ദുരന്തം; അന്വേഷണം പ്രഖ്യാപിച്ച് ഉന്നതവിദ്യാഭ്യാസ വകുപ്പ്; ഒരാളുടെ നില അതീവഗുരുതരം

Breaking Kerala

കളമശ്ശേരി: കുസാറ്റില്‍ ഫെസ്റ്റിനിടെയുണ്ടായ അപകടത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയോടും ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു റിപ്പോര്‍ട്ട് തേടി.സംഭവത്തില്‍ കളമശ്ശേരി പൊലീസ് കേസെടുത്തു. പരിക്കേറ്റ വിദ്യാര്‍ത്ഥികളുടെ അടക്കം മൊഴികള്‍ ഇന്ന് രേഖപ്പെടുത്തും. ഇന്നലെ വൈകിട്ടാണ് സര്‍വ്വകലാശാല കാമ്പസിൽ ടെക് ഫെസ്റ്റിന്‍റെ ഭാഗമായ സംഗീത നിശക്ക് തൊട്ടുമുമ്പുണ്ടായ തിക്കിലും തിരക്കിലും മൂന്ന് വിദ്യാര്‍ത്ഥികളടക്കം നാല് പേര്‍ മരിച്ചത്.

അപകടത്തില്‍ 51 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ ഒരാളുടെ നില അതീവ ഗുരുതരമാണ്.കൂത്താട്ടുകുളം സ്വദേശി അതുല്‍ തമ്പി, നോര്‍ത്ത് പറവൂര്‍ സ്വദേശി ആന്‍ഡ്രിഫ്റ്റ്, ഇതരസംസ്ഥാന വിദ്യാര്‍ഥിയായ ജിതേന്ദ്ര ദാമു, കോഴിക്കോട് താമരശ്ശേരി സ്വദേശി സാറാ തോമസ് എന്നിവരാണ് മരിച്ചത്.

വൈകിട്ട് ഏഴ് മണിയോടെ ടെക് ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ച ഗാനമേളയ്ക്കുള്ള ഒരുക്കങ്ങൾക്കിടെയാണ് സംഭവം. കുസാറ്റിന് പുറത്തുനിന്നുള്ളവരും പരിപാടിയ്ക്കായി എത്തിയിരുന്നു.

കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ വൈകിട്ട് നടന്ന ഗാനമേളക്കിടെയാണ് ദുരന്തമുണ്ടായത്. ആശുപത്രിയിലെത്തിച്ചപ്പോള്‍ തന്നെ ഒരാള്‍ മരിച്ചിരുന്നു.

മൃതദേഹങ്ങള്‍ കളമശേരി മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്. അറുപതോളം പേര്‍ക്ക് പരിക്കേറ്റുവെന്നും വിവരമുണ്ട്. തിക്കിലും തിരക്കിലും പെട്ട് വീണ കുട്ടികള്‍ക്ക് ചവിട്ടേറ്റാണ് പരിക്കേറ്റത്.

ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെ ആസ്റ്റര്‍ മെഡിസിറ്റിയിലേക്ക് മാറ്റി. പരിക്കേറ്റ മറ്റുള്ളവരെ ചികിത്സയ്ക്കായി കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്കും എറണാകുളം ജനറല്‍ ആശുപത്രിയിലും സ്വകാര്യ ആശുപത്രികളിലേക്കും മാറ്റി. കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് 46 വിദ്യാര്‍ഥികളെയാണ് എത്തിച്ചിരിക്കുന്നത്.

സ്‌കൂള്‍ ഓഫ് എന്‍ജിനിയറിങ്ങ് ആണ് കുസാറ്റില്‍ ടെക് ഫെസ്റ്റ് സംഘടിപ്പിച്ചത്. ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി. ആസ്ബസ്റ്റോസ് ഷീറ്റുകള്‍ വച്ച് മറച്ച വേദിയിലേക്ക് ഒരേയൊരു പ്രവേശന മാര്‍ഗം മാത്രമാണ് ഉണ്ടായിരുന്നത്.
ഗാനമേള ആസ്വദിച്ച് നൃത്തം ചെയ്ത കുട്ടികള്‍ അപ്രതീക്ഷിതമായി അപകടത്തില്‍പ്പെടുകയായിരുന്നു. സ്റ്റെപ്പുകളില്‍ നിന്നാണ് വിദ്യാര്‍ത്ഥികള്‍ പരിപാടി ആസ്വദിച്ചിരുന്നത്. താഴെ വീണ കുട്ടികള്‍ക്ക് ചവിട്ടേറ്റും മറ്റുമാണ് പരിക്കേറ്റത്. കുസാറ്റിലെ വിദ്യാര്‍ഥികള്‍ക്കൊപ്പം മറ്റു കോളേജുകളിലെ വിദ്യാര്‍ഥികളും പരിപാടിക്കെത്തിയെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *