“റോബിൻ ബസ് ” സിനിമയാകുന്നു, പ്രശാന്ത് മോളിക്കൽ സംവിധാനം

Kerala

കഴിഞ്ഞ കുറച്ചുദിവസങ്ങളായി വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ് ‘റോബിന്‍ ബസ്’. ഇപ്പോഴിതാ റോബിന്‍ ബസ്സിന്റെ കഥ വെള്ളിത്തിരയിലേയ്ക്ക് എത്തുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം. പ്രശാന്ത് മോളിക്കല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘റോബിന്‍: ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ്’ എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന പേര്. ജനുവരിയില്‍ പത്തനംതിട്ട, എറണാകുളം, പാലക്കാട്, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലായാണ് ചിത്രീകരണം ആരംഭിക്കുന്നത്. ചിത്രത്തിന് വേണ്ടി തിരക്കഥയൊരുക്കുന്നത് സതീഷ് ആണ്.

‘സുഹൃത്തുക്കളെ, വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിര്‍മാതാക്കളോടും, അഭിനേതാക്കളോടും സിനിമാ കഥ പറയുവാനായി റാന്നിയില്‍ നിന്നും എറണാകുളത്ത് എന്നെ എത്തിച്ചിരുന്നത് റോബിന്‍ ബസ് ആണ്. പതിവായി മുന്നോട്ടുള്ള യാത്രകളില്‍ എന്റെ ആദ്യ സിനിമ സംഭവിക്കുകയും, വരുന്ന ഫെബ്രുവരിയില്‍ അതിന്റെ റിലീസ് എത്തി നില്‍ക്കുകയും ആണ്.

ആദ്യ സിനിമയ്ക്ക് (KOON) ശേഷം സംഭവിക്കുന്ന യഥാര്‍ഥ വിജയത്തിനായി മാസങ്ങള്‍ക്ക് മുന്‍പ് തന്നെ കഥകള്‍ അന്വേഷിച്ച് തുടങ്ങുകയും, അവയില്‍ ഒരെണ്ണം ഷൂട്ടിങ്ങോളം എത്തി നില്‍ക്കുകയും, മറ്റ് ചില കഥകള്‍ ചര്‍ച്ചകളില്‍ ഇരിക്കുകയും ചെയുന്നതിനിടയ്ക്കാണ് കേരളത്തെ പിടിച്ച് കുലുക്കിയ റോബിന്‍ ബസ് സംഭവം നമുക്ക് മുന്നില്‍ കൂടി സംഭവിച്ചു കൊണ്ടിരിക്കുന്നത്.

പ്രതികാര മനോഭാവം പൂണ്ട മനുഷ്യ നിര്‍മിതങ്ങളായ ടാര്‍ഗറ്റട് പ്രതിസന്ധികളെ സാധാരണക്കാരന്റെ അവസാന ആശ്രയമായ കോടതികളുടെയും നിയമത്തിന്റെയും പിന്‍ബലത്തില്‍ തച്ചുടച്ച് തകര്‍ത്തു കൊണ്ടുള്ള റോബിന്‍ ബേസിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ പ്രേക്ഷകരെ ആദ്യാവസാനം ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഒരു സിനിമാ കഥ ഉണ്ടെന്ന് തിരിച്ചറിഞ്ഞ് ഞങ്ങള്‍ ഇറങ്ങുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *