ലണ്ടന്‍: ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ചാറ്റ്ബോട്ടുകള്‍ അതിന്‍റെ സാധ്യതകളെ വികസിപ്പിച്ചെടുത്തുകൊണ്ടിരിക്കുകയാണ്. ഗൂഗിള്‍, മൈക്രോസോഫ്റ്റ്, ഓപ്പണ്‍ എഐ എന്നിവ അവരുടെ എഐ ചാറ്റ്ബോട്ടുകളില്‍ പുതിയ ഫീച്ചറുകള്‍ സേവനങ്ങളിലേക്കായി അവതരിപ്പിച്ചതോടെ മെറ്റയും ഈ ചൂടേറിയ മത്സരത്തില്‍ പങ്കെടുക്കാന്‍ ഒരുങ്ങുകയാണ്. മെസേജിങ് ആപ്പുകളായ ഫേസ്ബുക്ക്, ഇന്‍സ്ററഗ്രാം, വാട്സ്ആപ്പ് എന്നിവയില്‍ എഐയുടെ സാധ്യത പ്രയോജനപ്പെടുത്താനാണ് മെറ്റയുടെ ശ്രമം.
ഇതിന്‍റെ ആദ്യ പടി എന്നോണം, വാട്സ് ആപ്പിലും ഇനിമുതല്‍ എഐ ചാറ്റ്ബോട്ട് ലഭിക്കും. മെറ്റ എഐ എന്ന് പേരിട്ടിരിക്കുന്ന ഈ ഫീച്ചര്‍ നിലവില്‍ ബീറ്റ വേര്‍ഷനില്‍ പരീക്ഷണത്തിലാണുള്ളത്. മെറ്റാ കണക്ട് 2023 ഇവന്‍റില്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗാണ് ഇതിനെ കുറിച്ചുള്ള പ്രഖ്യാപനം നടത്തിയത്. കമ്പനിയുടെ ബ്ളോഗില്‍ വിശദീകരിക്കുന്നതനുസരിച്ച് മെറ്റയുടെ എഐ മോഡലായ ലാമ 2 അടിസ്ഥാനമാക്കിയാണ് മെറ്റാ എഐ അസിസ്ററന്‍റ് പ്രവര്‍ത്തിക്കുക. ഇതിനായി ഷോര്‍ട്ട് കട്ട് ഓപ്ഷനും ആപ്പില്‍ നല്‍കിയിട്ടുണ്ട്.