തിരുവനന്തപുരം: കായിക കേരളം മികവിന്റെ പാതയില്‍ കുതിക്കുമ്പോഴും ചെസ്സ് പൂർണമായും ഉള്ള ഒരു വളർച്ച നേടിയിട്ടില്ല എന്ന് മലയാളി ഗ്രാന്റ് മാസ്റ്റര്‍ എസ് എല്‍ നാരായണന്. മികച്ച പരിശീലനത്തോടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ചെസ്സ് മേഖലയില്‍ നമ്മൾ വികസിപ്പിക്കേണ്ടതുണ്ട്. സർക്കാരിന് ഇക്കാര്യത്തിൽ പരിമിതികൾ ഉള്ളപ്പോൾ കൂടുതൽ സഹായങ്ങൾ ബാഹ്യമായി ലഭിക്കേണ്ടതുണ്ട്. പ്രഥമ ചെ ഇന്റര്‍നാഷണല്‍ ചെസ്സ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. മുവാറ്റുപുഴ സ്വദേശി ജി. എൻ. ഗോപാലിനു ശേഷം ഗ്രാൻഡ്മാസ്റ്റർ പദവിയിലെത്തിയ മലയാളിയാണ് എസ്. എൽ. നാരായണൻ. തിരുവനന്തപുരം സ്വദേശിയായ നാരായണൻ ലോക ചെസ്സ് ചാമ്പ്യൻ മാഗ്നസ് കാൾസനുമായി മത്സരിച്ചിട്ടുണ്ട്. വിവിധ ലോക വേദികളിൽ കേരളത്തിന്റെ യശ്ശസ്സ് ഉയർത്തിയ പ്രകടനം കാഴ്ചവെച്ച നാരായണൻ സംസാരിക്കുന്നു.
ജില്ലാടിസ്ഥാനത്തിന്‍ മത്സരിച്ചു വിജയികളായ കുട്ടികളോടൊപ്പമുള്ള മത്സരത്തിന്റെ അനുഭവം?
പരിശീലനത്തിന്റെ കുറവ് അനുഭവപ്പെട്ടെങ്കിലും കുട്ടികളെല്ലാം പൊതുവിൽ നന്നായി കളിക്കുന്നവരായി തോന്നി. എന്നോടൊപ്പം കളിച്ച ഒന്നു രണ്ടു പേർ മികച്ച കരുനീക്കങ്ങളോടെ മത്സരിച്ചു. കൂടുതൽ മത്സരങ്ങളിൽ പങ്കെടുത്ത് മികച്ച പ്രകടനം കാഴ്ചവെക്കാൻ പ്രാപ്തരായ കുട്ടികളാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തവരെല്ലാം തന്നെ.
മലയാളികൾക്കിടയിൽ ചെസ്സ് എന്ന കായികവിനോദത്തോടുള്ള മനോഭാവം?
ചെസ്സ് കേവലമൊരു കായിക വിനോദം മാത്രമല്ല. എതിരാളികളുടെ അടുത്ത കരുനീക്കങ്ങളെ മുൻകൂട്ടി കാണാനുള്ള ശേഷി ഈ മത്സരത്തിന്റെ വിജയത്തിൽ പ്രധാനമാണ്. കരുനീക്കങ്ങളുടെ വേഗതയും കൃത്യതയുമാണ് ചെസ്സ് മത്സരങ്ങളിൽ ആവശ്യം. മലയാളികൾ പൊതുവിൽ എല്ലാ കാര്യങ്ങളിലും താല്പര്യമുള്ളവർ തന്നെയാണ് . അതുകൊണ്ടുതന്നെ ചെസ്സ് പഠിക്കാനും മനസ്സിലാക്കാനും മലയാളികൾക്ക് താല്പര്യമുണ്ട്. എന്നാൽ ചാംപ്യൻഷിപ്പുകളിൽ പങ്കെടുക്കുന്ന മലയാളികളുടെ എണ്ണം താരതമ്യേന കുറവാണ്. ഈ മനോഭാവമാണ് മാറേണ്ടത്. കുട്ടിക്കാലം മുതൽക്കേ മികച്ച പരിശീലനം നൽകിയാൽ കേരളത്തിനും നിരവധി ഗ്രാന്റ്മാസ്റ്റേഴ്സിനെ സൃഷ്ടിക്കാം.
ചെ ഇന്റര്‍നാഷണല്‍ ചെസ്സ് ചാമ്പ്യന്‍ഷിപ്പിന്റെ പ്രയോജനം എന്തായിരിക്കും?
അന്തർദേശീയ താരങ്ങളോടൊപ്പം നമ്മുടെ കുട്ടികൾക്കും മത്സരിക്കാൻ അവസരമൊരുക്കിയ സർക്കാരിന്റെ ഈ ഉദ്യമം പ്രശംസനീയമാണ്. ഇത്തരത്തിലുള്ള ചാംപ്യൻഷിപ്പുകൾ കൂടുതൽ നടക്കേണ്ടതുണ്ട്. അപ്പോൾ മാത്രമേ വരുംതലമുറയിലെ കുട്ടികൾക്ക് ഇനി എത്രത്തോളം മുന്നോട്ടുപോകണമെന്ന കാര്യത്തിൽ വ്യക്തത ഉണ്ടാകൂ. ക്യൂബൻ ഗ്രാൻഡ്മാസ്റ്ററിനെ സമനിലയിൽ തളച്ച വായനാടുള്ള അഭിനവ് രാജ് എന്ന മിടുക്കൻ ഒരു പ്രതീക്ഷയാണ്. ഇടുക്കിയിലെ ഒരു കുടുംബത്തിലെ മുഴുവൻ കുട്ടികളും ചാമ്പ്യൻഷിപ്പിൽ മത്സരിക്കാൻ യോഗ്യത നേടി. നമുക്ക് നല്ല വിഭവശേഷിയുണ്ട്. അതിനെ കൃത്യമായ മാർഗ്ഗത്തിലൂടെ പരിപോഷിപ്പിക്കേണ്ട കാര്യമേയുള്ളൂ.