ഭിന്നശേഷി മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും സാമൂഹ്യനീതി വകുപ്പ് ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ സംസ്ഥാന ഭിന്നശേഷി പുരസ്കാരങ്ങള്‍ മന്ത്രി ഡോ.ആര് ബിന്ദു വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചു. മികച്ച ജില്ലാ പഞ്ചായത്തിനുള്ള പുരസ്കാരം കോഴിക്കോട് നേടി. മികച്ച നഗരസഭയായി ഏലൂരിനെയും മികച്ച ബ്ലോക്ക് പഞ്ചായത്തായി വടകരയേയും തിരഞ്ഞെടുത്തു. തൃശൂര്‍ ജില്ലയിലെ പുന്നയൂര്‍ക്കുളവും മലപ്പുറത്തെ പുല്‍പ്പറ്റയും മികച്ച ഗ്രാമപഞ്ചായത്തുകളായി.
ഭിന്നശേഷിക്കാര്‍ക്ക് പ്രാപ്യമായ സര്‍ക്കാര്‍-സ്വകാര്യ മേഖലകളിലെ മികച്ച സ്ഥാപനത്തിനുള്ള പുരസ്കാരത്തിന് നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് അര്‍ഹമായി. ഭിന്നശേഷിസൗഹൃദ റിക്രിയേഷൻ സെന്റര്‍ പുരസ്കാരത്തിന് ഇരിങ്ങാലക്കുട കല്ലേറ്റുംകരയില്‍ സാമൂഹ്യനീതി വകുപ്പിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വയംഭരണസ്ഥാപനമായ നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസില്‍ ആന്റ് റീഹാബിലിറ്റേഷൻ അര്‍ഹമായി. മികച്ച ക്ഷേമ സ്ഥാപനത്തിനുള്ള പുരസ്കാരം തവനൂരിലെ പ്രതീക്ഷ ഭവനാണ്.
മികച്ച ജില്ലാ ഭരണകൂടം, മികച്ച കോര്പ്പറേഷൻ, സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളുടെ മികച്ച ഭിന്നശേഷി സൗഹൃദ വെബ്സൈറ്റ് എന്നിവ ഒഴികെ 20 വിഭാഗങ്ങളിലായി 81 നാമനിര്‍ദ്ദേശങ്ങളാണ് പുരസ്കാരനിര്‍ണയ സമിതിക്കു ലഭിച്ചത്. സാമൂഹ്യനീതി വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിലുള്ള സംസ്ഥാന അവാര്‍ഡ് നിര്‍ണയ സമിതിയാണ് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുത്തത്.
സര്‍ക്കാര്‍ മേഖലയില്‍ കാഴ്ചപരിമിതരുടെ വിഭാഗത്തില്‍ ഏറ്റവും മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന ജീവനക്കാര്‍ക്കുള്ള പുരസ്കാരത്തിന് കാസര്‍ഗോഡ് സര്‍ക്കാര്‍ വിദ്യാലയത്തിലെ ഹെഡ്മിസ്ട്രസ് ഓമന സി. അര്‍ഹയായി. കേള്‍വിക്കുറവ് നേരിടുന്നവരുടെ വിഭാഗത്തില്‍ തിരുവനന്തപുരം ജില്ലയിലെ വിനു കുമാര്‍ കെ. (കമ്ബ്യൂട്ടര്‍ അസിസ്റ്റന്റ്, സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ്), ലോകോമോട്ടോര്‍, മസ്കുലര്‍ ഡിസബിലിറ്റി വിഭാഗത്തില്‍ തൃശൂര്‍ സ്വദേശി സുധീഷ് വി.സി (ക്ലര്‍ക്ക്,സീഡ് ഫാം) എന്നിവര്‍ അര്‍ഹരായി. മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റി വിഭാഗത്തില്‍ കോട്ടയം ജില്ലയിലെ മരങ്ങാട്ടുപ്പള്ളി ഗ്രാമപഞ്ചായത്തില്‍ സീനിയര്‍ ക്ലാര്‍ക്കായ പ്രമോദ് പി.എയും പുരസ്കാരം നേടി.
സ്വകാര്യ മേഖലയിലെ മികച്ച ജീവനക്കാര്‍ക്കുള്ള പുരസ്കാരം തൃശൂര്‍ സ്വദേശിനി പൗളിയും (ലോകോമോട്ടോര്‍,മസ്കുലര്‍ ഡിസബിലിറ്റി), പാലക്കാട് സ്വദേശി അജില്‍ സേവിയറും (ഇന്റലെക്ച്വല്‍ ഡിസെബിലിറ്റി) അര്‍ഹരായി.ഭിന്നശേഷിയുള്ള ജീവനക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള മികച്ച സ്വകാര്യ തൊഴിലുടമയ്ക്കുള്ള പുരസ്കാരം തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന വികലാംഗക്ഷേമ പ്രിന്റിംഗ് ആന്റ് ബുക്ക് ബൈൻഡിംഗ് ഇൻഡ്സ്ട്രിയല്‍ സൊസൈറ്റിക്കാണ്. മികച്ച എൻ.ജി.ഒയ്ക്കുള്ള പുസ്കാരം പോപ് പോള്‍ മേഴ്സി ഹോമും (തൃശൂര്‍), കേരള ഫെഡറേഷൻ ഓഫ് ദ ബ്ലൈൻഡ് ട്രൈയിനിംഗ് സെന്റര്‍ ഫോര്‍ ദ ടീച്ചേഴ്സ് ഓഫ് വിഷ്വലി ഹാൻഡികാപ്ഡും (പാലക്കാട്) നേടി.
ഷെറിൻ ഷഹാന ടി.കെ (വയനാട്), അനിഷ അഷറഫ്(തൃശൂര്‍), അമല്‍ ഇക്ബാല്‍ (മലപ്പുറം) എന്നിവരാണ് മികച്ച റോള്‍ മോഡലുകള്‍ക്കുള്ള പുരസ്കാരം നേടിയത്.
സര്‍ഗ്ഗാത്മക കുട്ടികളുടെ വിഭാഗത്തില്‍ സത്യജിത്ത് എച്ച്. (തിരുവനന്തപുരം), ഹനാൻ റേച്ചല്‍ പ്രമോദ്(പത്തനംതിട്ട), ആദിത്യ സുരേഷ് (കൊല്ലം), അബ്ദുള്‍ ഹാദി വി.എസ്. (തൃശൂര്‍) എന്നിവര്‍ പുരസ്കാരം നേടി. മികച്ച കായിക വ്യക്തികളായി മലപ്പുറം സ്വദേശി മുഹമ്മദ് നിസാര്‍ എ.പി., നിബിൻ മാത്യൂ (വയനാട്), സാന്ദ്ര ഡേവിസ് (തൃശൂര്‍) എന്നിവരെ തിരഞ്ഞെടുത്തു.
ദേശീയ അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ചവരുടെ വിഭാഗത്തില്‍ പത്തനംതിട്ടയില്‍ നിന്നുള്ള സുഹൈല്‍ അബ്ദുള്‍ സലാം പുരസ്കാരം നേടി. കോഴിക്കോട് കൊയിലാണ്ടിയില്‍ പ്രവര്‍ത്തിക്കുന്ന നെസ്റ്റ് ഇന്റര്‍നാഷണല്‍ അക്കാദമി ആന്റ് റിസര്‍ച്ച് സെന്ററാണ് മികച്ച പുനഃരധിവാസ കേന്ദ്രം.
ഭിന്നശേഷിക്കാരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനായുള്ള മികച്ച കണ്ടുപിടിത്തത്തിന് കണ്ണൂര്‍ സ്വദേശിയായ അബ്ദുള്‍ ബഷീര്‍ എം.സി അര്‍ഹനായി.