അടിമാലി: പെൻഷൻ മുടങ്ങിയതിൻ്റെ പേരിൽ ഭിക്ഷയെടുത്ത് പ്രതിഷേധിച്ച മറിയക്കുട്ടിയെ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി വീട്ടിലെത്തി കണ്ടു. തെറ്റായ കണക്കുകൾ സമർപ്പിച്ചതിനാലാണ് ക്ഷേമപെൻഷൻ വിഹിതം കേന്ദ്രം നൽകാത്തത് എന്നും തൊഴിൽ ഉറപ്പ് പദ്ധതിയുടെ കാര്യത്തിലും ഇതാണ് സംഭവിച്ചതെന്നും സുരേഷ് ഗോപി പറഞ്ഞു.
ചീഫ് സെക്രട്ടറി കൃത്യമായ കണക്കുകൾ സമർപ്പിക്കട്ടെ എന്ന് ആവശ്യപ്പെട്ട സുരേഷ് ഗോപി ക്ഷേമ പെൻഷന് വേണ്ടി പിരിക്കുന്ന രണ്ട് രൂപ സെസ് നൽകില്ലെന്ന് ജനം തീരുമാനിക്കണം എന്നും പറഞ്ഞു. എം പി പെൻഷനിൽ നിന്ന് 1000 രൂപ വീതം മറിയക്കുട്ടിക്കും അന്നക്കുട്ടിക്കും എല്ലാ മാസവും നൽകുമെന്ന് സുരേഷ് ഗോപി വാഗ്ദാനം ചെയ്തു.