ജയ്പുര്‍: രാജസ്ഥാനിലെ കോണ്‍ഗ്രസ് നേതാവും കരണ്‍പുര്‍ എം.എല്‍.എയുമായ ഗുര്‍മീത് സിങ് കൂനേര്‍(75) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.വൃക്കസംബന്ധമായ രോഗമാണ് മരണത്തിലേക്ക് നയിച്ചതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. നവംബര്‍ 12നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗുര്‍മീതിന്റെ മരണത്തില്‍ അനുശോചനം അറിയിച്ച് നിരവധി രാഷ്ട്രീയ നേതാക്കള്‍ രംഗത്തെത്തി.
“ഗുര്‍മീതിന്റെ വിയോഗത്തില്‍ അനുശോചനം അറിയിക്കുന്നു. വയ്യായ്മകള്‍ക്കിടയിലും അദ്ദേഹം നാടിന്‍റെ വികസനത്തിനായി പ്രയത്നിക്കുമായിരുന്നു. രാജസ്ഥാന്‍റെ രാഷ്ട്രീയ ഭാവിക്കും കോണ്‍ഗ്രസ് പാര്‍ട്ടിക്കും ഇത് തീരാനഷ്ടമാണ്” -അശോക് ഗെഹ്ലോട് ട്വിറ്ററില്‍ കുറിച്ചു.
നവംബര്‍ 23 ന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഗുര്‍മീതിന്റെ വിയോഗം. കരണ്‍പൂരിലെ തെരഞ്ഞെടുപ്പ് നടപടികള്‍ മാറ്റിവെക്കും. മാറ്റിവെച്ച തിയതി പിന്നീട് അറിയിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
മൂന്നു തവണ എം.എല്‍.എ ആയ ഗുര്‍മീത് മണ്ഡലത്തിലെ ഏറ്റവും ശക്തിയുള്ള കോണ്‍ഗ്രസ് നേതാവാണ്. 1998ലെ നിയമസഭ തെരഞ്ഞെടുപ്പിലാണ് ആദ്യമായി വിജയച്ചത്. 2018ല്‍ കോണ്‍ഗ്രസ് എം.എല്‍.എ ആകുന്നതിനു മുന്നേ 2008 അദ്ദേഹം സ്വതന്ത്രനായും മത്സരിച്ചു.