ആലുവ ഓർമപ്പെടുത്തുന്നത് സർക്കാരിനെ…

Kerala

‘കുടുംബമായി കഴിയുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് നമ്മുടെ സംസ്ഥാനം സുരക്ഷിതമായ ഇടമാണോ എന്നാണ് ആലുവയില്‍ തന്നെ രണ്ടു മാസത്തിനുള്ളില്‍ നടന്നിരിക്കുന്ന രണ്ടു സംഭവങ്ങളും ഉയര്‍ത്തുന്ന ചോദ്യം’

യൂസഫ് അരിയന്നൂർ

രാജ്യത്തെ പിന്നാക്ക മേഖലകളില്‍ നിന്നും പിന്നാക്ക ജനവിഭാഗത്തില്‍പ്പെട്ട, അതിജീവിനത്തിനായി ഏറെ പൊരുതേണ്ടി വരുന്ന മനുഷ്യരാണ് അയൽ സംസ്ഥാനത്തു നിന്നും കേരളത്തിലെത്തുന്നവർ . ഇവിടെയും അവര്‍ സുരക്ഷിതരല്ലെങ്കില്‍ ഉത്തരവാദിത്തം പറയേണ്ടത് കേരളമാണ്. ആലുവ മേഖലയില്‍ താമസിച്ച് ജോലി ചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളിയുടെ മകൾ അഞ്ചു വയസ്സുകാരി ഒരു നാടിന്റെ തന്നെ മകളായിരുന്നു. അതി നിഷ്ഠൂരമായാണ് അഞ്ചു വയസുകാരി കൊല്ലപ്പെട്ടത്. ജനഹിതം അറിഞ്ഞുകൊണ്ടുള്ള വിധിയാണ് ഉണ്ടായതെങ്കിലും ഈ ഒരു സാഹചര്യം സൃഷ്ടിച്ചതിൽ നിന്നും സർക്കാരിന് എങ്ങിനെ കൈകഴുകാനാകും. ഒരു കുഞ്ഞിനെ പകല്‍ വെളിച്ചത്തില്‍ താമസസ്ഥലത്ത്കളിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് അക്രമി കൈക്കലാക്കിയതെങ്കില്‍, മറ്റൊരു കുഞ്ഞിനെ താമസസ്ഥലത്ത് ഉറങ്ങി കിടക്കുമ്പോൾ പുലര്‍ച്ചെ കവര്‍ന്നെടുത്തു കൊണ്ടു പോവുകയായിരുന്നു.

കുടുംബമായി കഴിയുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് നമ്മുടെ സംസ്ഥാനം സുരക്ഷിതമായ ഇടമാണോ എന്നാണ് ആലുവയില്‍ തന്നെ രണ്ടു മാസത്തിനുള്ളില്‍ നടന്നിരിക്കുന്ന രണ്ടു സംഭവങ്ങളും ഉയര്‍ത്തുന്ന ചോദ്യം. ഇവിടെ ഇരകള്‍, എട്ടും അഞ്ചും വയസ് മാത്രം പ്രായമനുള്ള പെണ്‍കുട്ടികളാണ്. സ്വന്തം ഭാര്യയുടെയും കുട്ടികളുടെയും സുരക്ഷിതത്വം ഉറപ്പാക്കാന്‍ അവര്‍ക്ക് സാധിക്കാതെ പോകുന്നു. ഭാര്യയും ജോലിക്ക് പോകേണ്ടി വരുന്നതിനാൽ അവർക്ക് കുട്ടികളുടെ കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ കൊടുക്കാൻ സാധിക്കുകയുമില്ല. അതവരുടെ നിസ്സഹായതയാണ്. അല്ലാതെ
കുട്ടികളെക്കുറിച്ച് ചിന്തയില്ലാത്ത മാതാപിതാക്കളായതുകൊണ്ടല്ല. ഇനി ജോലി സ്ഥലത്തേക്ക് കുഞ്ഞുങ്ങളെ കൂടെ കൊണ്ട് പോകുന്നത് പ്രയോഗികമല്ല.
തൊഴിലുടമകള്‍ അനുവദിക്കാറുമില്ല.
മാതാപിതാക്കള്‍ക്കൊപ്പം ജോലി സ്ഥലത്ത് പോയൊരു പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവം ഉണ്ടായിട്ടുണ്ട്. അതിനു പിന്നാലെ കുടിയേറ്റ തൊഴിലാളികളുടെ കുട്ടികളെ, അവരുടെ ജോലി സമയം കഴിയുന്നതുവരെ സംരക്ഷിക്കുന്ന കേന്ദ്രങ്ങള്‍ വേണമെന്ന ആവശ്യം സര്‍ക്കാരിന് മുന്നില്‍ ഉയര്‍ന്നെങ്കിലും, സ്വകാര്യ തലത്തിലെങ്കിലും അത്തരമൊരു കേന്ദ്രം തുറന്നത്(രാവിലെ എഴ് മുതല്‍ വൈകിട്ട് ഏഴ് വരെ) ആലുവയില്‍ അഞ്ചുവയസുകാരി ക്രൂരമായി കൊലപ്പെട്ടതിനു ശേഷമാണ്. അതിനുശേഷം എട്ടു വയസുകാരിയും അക്രമിക്കപ്പെട്ടിട്ടുണ്ട്. ഇനിയെങ്കിലും സര്‍ക്കാര്‍ ഉത്തരവാദിത്തം കാണിക്കേണ്ടതുണ്ട് .

ഈ തൊഴിലാളികള്‍ എവിടെ, എങ്ങനെ താമസിക്കുന്നു എന്നത് സര്‍ക്കാര്‍ സംവിധാനത്തില്‍ പരിശോധിക്കേണ്ട കാര്യമാണ്. ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് താമസ സൗകര്യം കൊടുത്ത് വലിയ വരുമാനം ഉണ്ടാക്കുന്നവനാണ് മലയാളി . ആട്ടിന്‍കൂടുപോലുള്ള മുറികളില്‍ തലയെണ്ണി കാശുവാങ്ങി ഇതരസംസ്ഥാനക്കാരെ താമസിപ്പിച്ചു ലാഭം കൊയ്യുന്നവരാണ് കൂടുതലും. ഇതരസംസ്ഥാന തൊഴിലാളികളുടെ വാടക ജീവിതം നരകതുല്യമാണ് എന്നത് പറയാതെ വയ്യ. ഒരു മുറിയില്‍ പത്തും ഇരുപതും പേരാണ് താമസിക്കുന്നത്. കച്ചവട സ്ഥാപനങ്ങള്‍ക്കു മുകളിലോ സ്വന്തം വീടുകളോട് ചേര്‍ന്നോ ഒക്കെ ഇത്തരം വാടകയിടങ്ങള്‍ ഉണ്ടാക്കിയിടുന്നു. ഒരു മുറിയില്‍ പരമാവധി പേരെ താമസിപ്പിക്കും. ഒരാളില്‍ നിന്നും രണ്ടായിരവും അയ്യായിരവുമൊക്കെ വാടക വാങ്ങും. ആകെ ഒരു കക്കൂസും ഒരു കുളിമുറിയും ആയിരിക്കും പത്തും അമ്പതുംപേര്‍ക്ക് കൂടിയുള്ളത്. തൊഴില്‍ സ്ഥാപനങ്ങള്‍ ആകട്ടെ തൊഴിലാളി കുടുംബങ്ങള്‍ക്ക് പ്രത്യേകം താമസ സൗകര്യം ഏര്‍പ്പെടുത്തില്ല. ഉറങ്ങാനും പ്രാഥമിക സൗകര്യങ്ങള്‍ നിര്‍വഹിക്കാനുമുള്ള ഇടമാണ് തൊഴില്‍ സ്ഥാപനങ്ങള്‍ ആകെ നല്‍കുന്നത്.

അതിജീവനം പ്രധാന വെല്ലുവിളിയായ ഇവർക്ക്

ഇതരമാര്‍ഗം ആലോചിക്കാന്‍ ഇല്ലാത്തതുകൊണ്ട് തന്നെ , അരക്ഷിതമായ ചുറ്റുപാടാണ് എന്നറിഞ്ഞിട്ടും കുട്ടികളെ പലയിടത്തും നിര്‍ത്തി മാതാപിതാക്കള്‍ക്ക് പോകേണ്ടി വരുന്നു.
കുടിയേറ്റ തൊഴിലാളികളുടെ കാര്യത്തില്‍ സര്‍ക്കാര്‍ കൂടുതല്‍ ഉത്തരവാദിത്തം കാണിച്ചേ മതിയാകൂ. സംസ്ഥാന സര്‍ക്കാര്‍ മുതല്‍ തദ്ദേശ സ്ഥാപനങ്ങള്‍ വരെ കുടിയേറ്റ തൊഴിലാളികളുടെ കാര്യത്തില്‍ ശ്രദ്ധ ചെലുത്തണം. അവരുടെ തൊഴിലവകാശങ്ങളില്‍ മാത്രമല്ല, ജീവിത സുരക്ഷിതത്വത്തിലും. പൊലീസിന്റെ സംരക്ഷണവും സഹായവും അവര്‍ക്ക് ലഭ്യമാകണം.

Leave a Reply

Your email address will not be published. Required fields are marked *