സ്ത്രീകളെ സംബന്ധിച്ച് ഏറ്റവും സവിശേഷമായ സമയമാണ് ഗർഭകാലം. സാധാരണയിൽ നിന്ന് വിഭിന്നമായി ശാരീരികമായും മാനസീകമായും ധാരാളം മാറ്റങ്ങളുണ്ടാകുന്ന കാലം. ഗർഭകാലത്ത് നിരവധി രോഗങ്ങളും അസുഖങ്ങളും കണ്ടുവരാറുണ്ട്. അവയിൽ ചിലത് പ്രസവ ശേഷം തനിയെ മാറുന്നതാണ്. അതേസമയം ചില ശാരീരിക പ്രശ്നങ്ങൾ തുടരാനും ഒരുപക്ഷേ അപകടകരമാകാനും സാധ്യതയുണ്ട്. ഇത്തരത്തിൽ ഗർഭകാലത്ത് പ്രത്യക്ഷപ്പെടുന്ന ഒരു ശാരീരിക അവസ്ഥയാണ് ഗർഭകാല പ്രമേഹം. ഭൂരിഭാഗം പേരിലും പ്രസവശേഷം അപ്രത്യക്ഷമാകുന്ന താൽക്കാലിക രോഗമാണിത്. അതേസമയം ചിലരിൽ പ്രമേഹം മാറാത്ത സാഹചര്യം ഉണ്ടാകാറുണ്ട്. ഇതിനെ ടൈപ്പ് 2 പ്രമേഹം എന്നാണ് പറയുന്നത്.
• *ഗർഭകാല പ്രമേഹത്തിന്റെ കാരണങ്ങൾ*
ഗർഭിണികളിൽ ഉണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങൾ മൂലം ഇൻസുലിന്റെ പ്രവർത്തനം തടസപ്പെടുന്നതാണ് ഗർഭകാല പ്രമേഹം ഉണ്ടാകുന്നതിന്റെ പ്രധാനകാരണം. ഗർഭിണികളിൽ കണ്ടുവരുന്ന പ്ലാസന്റൈൽ ഹോർമോണുകൾക്ക് ഇൻസുലിന്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്താനുള്ള കഴിവുണ്ട്. ഇത് ഇൻസുലിൻ പ്രതിരോധത്തിനും രക്തത്തിൽ പഞ്ചസാരയുടെ അളവ് അനിയന്ത്രിതതമായി ഉയരുന്നതിനും കാരണമാകുന്നു. പൊണ്ണത്തടി, വൈകിയുള്ള ഗർഭധാരണം, ജനിതക പാരമ്പര്യം തുടങ്ങിയവയും ഗർഭകാല പ്രമേഹത്തിന് കാരണമാകും. ഇതിന് പുറമേ അനാരോഗ്യകരമായ ജീവിതക്രമവും മോശം ഭക്ഷണരീതിയും വ്യായാമം ഇല്ലാത്ത ഉദാസീന ജീവിത രീതിയും പ്രമേഹ സാധ്യത വർധിപ്പിക്കുന്നതാണ്.
*• ഗർഭകാല പ്രമേഹവും സങ്കീർണതകളും*
ഗർഭകാല പ്രമേഹത്തെ സാധാരണ പ്രമേഹ അവസ്ഥ പോലെ പരിഗണിച്ചാൽ അമ്മക്കും കുഞ്ഞിനും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
അമ്മമാരിൽ ഉയർന്ന രക്തസമ്മർദ്ദം ഉണ്ടാകാനുള്ള സാധ്യത ഉള്ളതിനാൽ സിസേറിയൻ ചെയ്യേണ്ടി വന്നേക്കാം. ഗർഭകാല പ്രമേഹമുള്ള അമ്മമാർക്ക് ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് മാക്രോസോമിയ (ജനന സമയത്ത് ഭാര കൂടുതൽ ഉണ്ടാകുന്ന അവസ്ഥ), ഹൈപ്പോഗ്ലൈസീമിയ, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ തുടങ്ങിയവ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാനും സങ്കീർണതകൾ കുറയ്ക്കുന്നതിനും ഗർഭകാല പ്രമേഹത്തെ നന്നായി കൈകാര്യം ചെയ്യേണ്ടതുണ്ട്. ഇതിനായി കൃത്യമായി രോഗ നിർണയം നടത്തുക എന്നതാണ് ഏറ്റവും പ്രധാനം. ഗർഭാവസ്ഥയിലുള്ള പ്രമേഹത്തിനുള്ള സ്ക്രീനിംഗും രോഗനിർണയവും സാധാരണയായി ഗർഭാവസ്ഥയുടെ 24 മുതൽ 28 ആഴ്ചകൾക്കിടയിലാണ് നടത്തേണ്ടത്. അമിതഭാരം, കുടുംബത്തിൽ പ്രമേഹ പാരമ്പര്യം ഉള്ളവർ, 25 വയസ്സിനു മുകളിൽ പ്രായമുള്ളവർ തുടങ്ങിയവരിൽ നേരത്തെ തന്നെ ചെയ്യാറുണ്ട്.
അതേസമയം ചിലരിൽ ഗർഭകാല പ്രമേഹം സാധാരണയായി കണ്ടുവരുന്ന ടൈപ്പ് 2 പ്രമേഹമായി മാറാൻ സാധ്യതയുണ്ട്. ഇങ്ങനെയുള്ളവരുടെ മക്കൾക്ക് ഭാവിയിൽ അമിത വണ്ണവും പ്രമേഹവും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്
*• ജീവിത ശൈലിയിൽ മാറ്റം കൊണ്ടു വരാം*
ജീവിത ശൈലിയിൽ കൊണ്ടുവരുന്ന മാറ്റങ്ങളിലൂടെ ഗർഭകാല പ്രമേഹത്തെ വരുതിയിലാക്കാൻ കഴിയും. ഇതിനായി അനാരോഗ്യകരമായ ഭക്ഷണ രീതി ഒഴിവാക്കുകയും കൃത്യമായി വ്യായാമം ചെയ്യുകയും ചെയ്യുക എന്നതാണ് പ്രധാനം.
സ്ഥിരമായി ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ആരോഗ്യകരമായ ഡയറ്റ് പാലിക്കുകയും വേണം. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായി നിരീക്ഷിക്കേണ്ടതും അത്യാവശ്യമാണ്. ലീൻ പ്രോട്ടീൻ, ഹെൽത്തി ഫാറ്റ്, കോംപ്ലക്സ് കാർബോഹൈഡ്രേറ്റ്സ് എന്നിവ ഉൾപ്പെടുന്ന സമീകൃതാഹാരം ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. പ്രത്യേകിച്ച് ഡയറ്റ് പ്ലാൻ ഒന്നുമില്ലെങ്കിലും ഭക്ഷണം നിയന്ത്രിച്ച് കഴിക്കുന്നതാണ് ഉത്തമം. അതേസമയം മധുര പലഹാരങ്ങളും ജങ്ക് ഫുഡും ഒഴിവാക്കുന്നതാണ് നല്ലത്.
കുടുംബത്തിൽ പ്രമേഹ പാരമ്പര്യമുള്ള സ്ത്രീകൾ നേരത്തെ തന്നെ കൗൺസിലിംഗിന് വിധേയരാകുന്നത് നല്ലതതാണ്. ആരോഗ്യകരമായ ശരീര ഭാരം കൈവരിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് നിർത്താനും ഇതുവഴി കഴിയും. ഗർഭിണിയാകുന്നതിന് മുൻപ് തന്നെ ആരോഗ്യ വിദഗ്ധരിൽ നിന്ന് വേണ്ട നിർദ്ദേശങ്ങൾ സ്വീകരിക്കുന്നത് വഴി സങ്കീർണതകൾ കുറയ്ക്കാനും കഴിയും
*• മാറ്റങ്ങൾ പ്രസവശേഷവും തുടരാം*
ഗർഭകാല പ്രമേഹമുള്ള സ്ത്രീകൾ പ്രസവത്തിനു ശേഷമുള്ള പ്രമേഹ പരിശോധന നടത്തേണ്ടത് വളരെ പ്രധാനമാണ്. ഭൂരിഭാഗം പേരിലും പ്രസവശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണ നിലയിലാകാറാണ് പതിവ്. ഗർഭകാലത്തിന് ശേഷമുള്ള പ്രസവരക്ഷ കാലത്ത് ശരീരഭാരം ഉയരാൻ സാധ്യതയുണ്ട്. ഇത് ഒഴിവാക്കാൻ അമിതമായി കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങളും വണ്ണം വെക്കാൻ കാരണമാകുന്ന മരുന്നുകളും ഒഴിവാക്കുന്നത് നല്ലതാണ്. ഇത് പിന്നീടുള്ള ടൈപ്പ് 2 പ്രമേഹം വരുന്നതിനെ തടയാൻ സഹായിക്കും. കൃത്യമായ വ്യായാമവും സമീകൃതാഹാരവും ഉൾപ്പെടെ ആരോഗ്യകരമായ ജീവിതശൈലി തുടരുന്നതും പ്രമേഹത്തെ തടയാൻ സഹായിക്കും.
(തയ്യാറാക്കിയത്: ഡോ. നിബു ഡൊമിനിക്, കൺസൾട്ടന്റ് – എൻഡോക്രൈനോളജി, ആസ്റ്റർ മെഡ്സിറ്റി, കൊച്ചി)