വന്യജീവി ആക്രണത്തിൽ കൊല്ലപ്പെട്ടവരുടെ ആശ്രിതർക്കുള്ള ധനസഹായം ഔദാര്യമല്ല,അവകാശമാണ്: എൻ ഹരി

Kerala

വന്യജീവി ആക്രണത്തിൽ കൊല്ലപ്പെട്ടവരുടെ ആശ്രിതർക്കുള്ള ധനസഹായം ഔദാര്യമല്ല അവകാശമാണെന്ന് ബിജെപി മധ്യമേഖലാ അധ്യക്ഷൻ എൻ ഹരി.കണമലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട തോമസ് ആന്റണിയുടെ കുടുബത്തിനും ചാക്കോച്ചന്റെ കുടുംബത്തിനും എംഎൽഎ സെബാസ്റ്റിൻ കുളത്തുങ്കലിന്റെ ഇടപെടലിൽ പിണറായി സർക്കാർ പത്തുലക്ഷം രൂപ നൽകി എന്നുള്ളത് സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ ഗീർവാണം മാത്രമാണ്.

ആശ്രിതർക്കുള്ള ധനസഹായം പിണറായി വിജയന്റെയും എംഎൽഎയുടെയും ഔദാര്യമല്ല 1980 ലെ കേരള റൂൾസ് ഫോർ പെയ്‌മെന്റ് ഓഫ് കോമ്പിനേഷൻ ടു വിക്ടിസ് ഓഫ് അറ്റാക്ക് ബൈ വൈൽഡ് ആനിമൽ എന്ന ചട്ടങ്ങളിലെ വ്യവസ്ഥകളിൽ ഭേദഗതി വരുത്തി നഷ്ടപരിഹാര തുക നേരത്തെ വർധിപ്പിച്ചിട്ടുള്ളതാണ്.

കേരള നിയമസഭയുടെ വിഷയ നിർണ്ണയ സമിതി രണ്ടായിരത്തി പതിനഞ്ചു പതിനാറു സാമ്പത്തിക വർഷത്തെ റിപ്പോർട്ടിലെ പത്താമത് ശുപാർശപ്രകാരവും വന്യ ജീവിആക്രമണത്തിൽ കൊല്ലപ്പെടുന്നന്നവരുടെ കുടുംബത്തിന് നിയമപരമായ അവകാശം അഞ്ചുലക്ഷത്തിൽനിന്നും പത്തുലക്ഷമായി ഉയർത്തിയതുമാണ്,ഇത് സെബാസ്റ്റിയൻ കുളത്തുങ്കൽ എംഎൽഎയൊ പിണറായി സർക്കാരോ തറവാട്ടിൽ നിന്ന് കൊടുക്കുന്ന തുകയല്ല.

വന്യ ജീവി ആക്രമണങ്ങൾ തടയാൻ കമ്പി വേലി നിർമ്മാണത്തിനും കിടങ്ങുകൾ കുഴിക്കാനും സംരക്ഷണ ഭിത്തി നിർമിക്കാനും കേന്ദ്രസർക്കാർ നൽകിവരുന്ന തുക കൃത്യമായി വിനിയോഗിച്ചിരുന്നെങ്കിൽ ഇന്ന് കണമലയിൽ മരണപ്പെട്ടവർ ജീവനോടെ ഉണ്ടാകുമായിരുന്നു.

സംസ്ഥാന സർക്കാരിന്റെയും സ്ഥലം എംഎൽഎയുടെയും അനാസ്ഥയുടെ ഫലമാണ് കണമലയിൽ രണ്ടുപേർ മരിക്കാനിടയായത്.’ ഇത് മറച്ചു വെക്കുന്നതിനു വേണ്ടിയും ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്നതിനും മരണപ്പെട്ടവരുടെ കുടുംബത്തിന് നിലവിൽ നൽകിവരുന്ന തുക മാത്രം നൽകി അടിയന്തിര സർക്കാർ സഹായം നൽകുന്നതിൽ നിന്ന് കുളത്തുങ്കൽ തടി തപ്പുക മാത്രമാണ് ചെയ്തത്.

മരണപ്പെട്ടവരുടെ കുടുംബത്തോടും കണമലയിലെ ജനങ്ങളോടും കുറച്ചെങ്കിലും പ്രതിബദ്ധത ഉണ്ടായിരുന്നെങ്കിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ പിണാറായി സർക്കാരിൽ നിന്ന് പ്രത്യേക ധന സഹായം മരണപ്പെട്ടവരുടെ കുടുംബത്തിന് ഉറപ്പാക്കുമായിരുന്നു.

പമ്പാ വനമേഖലയിൽ നിന്നും പിടികൂടിയ കാട്ടുപന്നികളെ ജനവാസ മേഖലയിൽ ഉദ്യോഗസ്ഥർ തുറന്നു വിട്ടതും മുണ്ടക്കയം കോരുത്തോട് ജനവാസമേഖലയിൽ പുലിയിറങ്ങി മണിക്കൊമ്പേൽ റെജിയുടെ വളർത്തുമൃഗങ്ങളെ പിടികൂടിയതും സർക്കാരിന്റെയും എംഎൽഎയുടെയും കഴിവുകേടിന്റയും അനാസ്ഥയുടെയും ഫലമാണ്.

ജനങ്ങൾ നിരവധി തവണ ആവശ്യപ്പെട്ടിട്ടും സംരക്ഷണ ഭിത്തികളോ വേലിയോ കിടങ്ങുകളോ നിർമ്മിക്കാൻ സെബാസ്റ്റിയൻ കുളത്തുങ്കലിന് സാധിച്ചിട്ടില്ല.വന്യ ജീവി ആക്രമണങ്ങളിൽ പൊറുതിമുട്ടിയ കർഷകർക്കും ജനങ്ങൾക്കും ജീവനും സ്വത്തും സംരക്ഷിക്കാൻ കാര്യക്ഷമമായ ഇടപെടൽ ഉണ്ടാകണം. സ്ഥല സന്ദർശനവും നിർദ്ദേശവും വാഗ്ദാനങ്ങളുമല്ല വേണ്ടതെന്ന് എംഎൽഎയെ ഓർമ്മ ഓർമ്മപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *