ഉത്സവ സീസണിലെ പടക്ക നിയന്ത്രണം: എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകമെന്ന് സുപ്രീം കോടതി

Breaking National

ഡല്‍ഹി: ഉത്സവ സീസണിലെ പടക്ക നിയന്ത്രണം ഡല്‍ഹിക്ക് മാത്രമല്ല, മുഴുവന്‍ സംസ്ഥാനങ്ങള്‍ക്കും ബാധകമാണെന്ന് സുപ്രീം കോടതി.വായു, ശബ്ദ മലിനീകരണം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട സുപ്രീം കോടതിയുടെ മുന്‍ ഉത്തരവുകള്‍ പാലിക്കാന്‍ രാജസ്ഥാന്‍ സംസ്ഥാനത്തിന് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

ജസ്റ്റിസുമാരായ എ എസ് ബൊപ്പണ്ണ, എം എം സുന്ദ്രേഷ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. പടക്കങ്ങളില്‍ ബേരിയവും നിരോധിത രാസവസ്തുക്കളും ഉപയോഗിക്കുന്നതിനെതിരെയുള്ള മുന്‍ നിര്‍ദ്ദേശങ്ങള്‍ രാജ്യത്തുടനീളം ബാധകമാണെന്ന് കോടതി പറഞ്ഞു. വിഷയത്തില്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങളൊന്നും ആവശ്യമില്ലെന്ന് പറഞ്ഞ കോടതി, മുന്‍ ഉത്തരവുകള്‍ പ്രത്യേകം ശ്രദ്ധിക്കാന്‍ രാജസ്ഥാന്‍ സംസ്ഥാനത്തോട് നിര്‍ദേശിക്കുകയും രാജ്യത്തെ എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകമാണെന്നും ആവര്‍ത്തിച്ചു.

ദീപാവലിക്ക് മുന്നോടിയായി പടക്കങ്ങളില്‍ നിരോധിത രാസവസ്തുക്കള്‍ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ 2021ല്‍ സുപ്രീം കോടതി നിരവധി നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. പടക്കങ്ങള്‍ക്ക് സമ്ബൂര്‍ണ നിരോധനമില്ലെന്നും ബേരിയം ലവണങ്ങള്‍ അടങ്ങിയ പടക്കങ്ങള്‍ മാത്രമാണ് നിരോധിച്ചതെന്നും അന്ന് ബെഞ്ച് വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *