കണ്ണൂര്‍:ആറളത്തെ മാവോയിസ്റ്റ് വെടിവയ്പ്പിനെ തുടര്‍ന്ന് പരിശോധനയുമായി കര്‍ണാടക ആന്റി നക്‌സല്‍ സ്‌ക്വാഡും രംഗത്തിറങ്ങി.കേരള – കര്‍ണാടക വനാതിര്‍ത്തികളിലാണ് സംഘം പരിശോധന നടത്തുന്നത്. കേരള വന മേഖലയില്‍ തൻഡര്‍ ബോള്‍ടും പ്രത്യേക അന്വേഷണ സംഘവും നടത്തുന്ന പരിശോധന തുടരുകയാണ്.
കഴിഞ്ഞ ആറ് മാസത്തിനിടെ കണ്ണൂര്‍ കൊട്ടിയൂര്‍, കേളകം പഞ്ചായതുകളിലും സമീപ പ്രദേശങ്ങളിലുമായി 13 തവണയാണ് മാവോയിസ്റ്റ് സംഘം എത്തിയത്. എന്നാല്‍ ഇതിനിടെ ആക്രമണങ്ങള്‍ നടത്തിയിരുന്നില്ല. കഴിഞ്ഞ ദിവസം വനം നിരീക്ഷകര്‍ക്ക് നേരെ വെടിയുതിര്‍ത്തതോടെ പരിശോധന കൂടുതല്‍ ശക്തമാക്കുകയാണ്. ഇവര്‍ക്ക് നേരെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ത്ത ചാവിച്ചി വന മേഖലയിലും ആറളത്തെ ഏറ്റവും ഉയര്‍ന്ന അമ്ബലപ്പാറ വന മേഖലയിലുമാണ് തൻഡര്‍ ബോള്‍ടും പൊലീസിന്റെ പ്രത്യേക സംഘവും പരിശോധന നടത്തുന്നത്. ആദ്യമായി മാവോയിസ്റ്റുകള്‍ അക്രമം നടത്തിയ സാഹചര്യത്തില്‍ മലയോരമേഖലയില്‍ താമസിക്കുന്ന ജനങ്ങളും പരിഭ്രാന്തിയിലാണ്. അമ്ബലപ്പാറയിലെ വനം വകുപ്പിന്റെ കാംപ് ഷെഡിലേക്ക് പോവുന്ന നിരീക്ഷകര്‍ക്ക് നേരെ ചാവച്ചിയിലെ കാംപ് ഷെഡിനടുത്ത കുടകന്‍ പുഴയോരത്ത് വച്ചാണ് മാവോയിസ്റ്റ് സംഘം വെടിയുതിര്‍ത്തത്. വാചര്‍മാരായ എബിന്‍ (26), സിജോ (28), ബോബസ് (25) എന്നിവര്‍ക്ക് നേര്‍ക്കായിരുന്നു വെടി. ഓടി രക്ഷപ്പെടുന്നതിനിടയില്‍ വീണ് നിസ്സാര പരുക്കേറ്റ ഇവരുടെ പരാതിയില്‍ ആറളം പൊലീസ് യുഎപിഎ ചുമത്തി കേസെടുത്തിരുന്നു.
വെടിവയ്പ്പു നടത്തിയെന്നു സംശയിക്കുന്ന സിപി മൊയ്തീനും സംഘത്തിനുമെതിരെയാണ് യുഎപിഎ ചുമത്തി കേസെടുത്തിട്ടുള്ളത്. കണ്ണൂര്‍ റെയ്ഞ്ച് ഡിഐജി ഉള്‍പ്പെടെയുളളവര്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു. ഇരിട്ടി ഡി വൈ എസ് പിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടത്തുന്നത്. മാസങ്ങള്‍ക്കു മുന്‍പ് പൊലീസ് മാവോയിസ്റ്റുകള്‍ക്ക് കീഴടങ്ങല്‍ പാകേജ് പ്രഖ്യാപിച്ചിരുന്നുവെങ്കിലും സിപി മൊയ്തീന്റെ നേതൃത്വത്തിലുളള സംഘം തളളിക്കളയുകയായിരുന്നു. മാവോയിസ്റ്റുകളെകുറിച്ചു വിവരം നല്‍കുന്ന പ്രദേശവാസികള്‍ക്ക് പൊലീസ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നുവെങ്കിലും പ്രാണഭയത്തെ തുടര്‍ന്ന് പ്രദേശവാസികളാരും ഇതിന് തയ്യാറായിട്ടില്ല.