മതവിദ്വേഷം പ്രചരിപ്പിച്ചതിന് ബിജെപി നേതാവ് അനില്‍ ആന്‍റണിക്കെതിരെ കേസ്

Breaking Kerala

കാസര്‍കോട്: മതവിദ്വേഷം പ്രചരിപ്പിച്ചെന്ന കേസില്‍ ബി.ജെ.പി നേതാവ് അനില്‍ ആന്‍റണിക്കെതിരെ കേസ്. കാസര്‍കോട് സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അനില്‍ ആന്‍റണിയെ പ്രതിചേര്‍ത്തത്.കാസര്‍കോട് കുമ്ബളയില്‍ വിദ്യാര്‍ഥികള്‍ ബസ് തടഞ്ഞ ദൃശ്യങ്ങള്‍ വിദ്യേഷ പ്രചരണത്തിന് ഉപയോഗിച്ചുവെന്നാണ് ആരോപണം.

വിദ്യാര്‍ഥികളും ബസ് യാത്രക്കാരിയും തമ്മിലുണ്ടായ തര്‍ക്കത്തെ വര്‍ഗീയനിറം കലര്‍ത്തി സംഘ്പരിവാര്‍ കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുന്നതിനിടെയായിരുന്നു അനില്‍ ആന്‍റണിയുടെ ട്വീറ്റ്. ‘വടക്കൻ കേരളത്തില്‍ ബുര്‍ഖ ധരിക്കാതെ ബസില്‍ യാത്ര ചെയ്യാനാവില്ല’ എന്നാണ് ട്വീറ്റില്‍ പറയുന്നത്.

കേരളത്തില്‍ ബുര്‍ഖ ധരിക്കാത്ത ഹിന്ദു സ്ത്രീയെ മുസ്ലിം വിദ്യാര്‍ഥിനികള്‍ ബസില്‍ നിന്ന് ഇറക്കിവിടുന്നു എന്ന തലക്കെട്ടോടെയാണ് കുമ്ബളയിലെ വിഡിയോ സംഘ്പരിവാര്‍ കേന്ദ്രങ്ങള്‍ വ്യാപകമായി പ്രചരിപ്പിച്ചിരുന്നത്.യഥാര്‍ഥത്തില്‍, കുമ്ബളയിലെ ഒരു കോളജിലെ വിദ്യാര്‍ഥിനികളും ബസ് ജീവനക്കാരും തമ്മിലുണ്ടായ തര്‍ക്കമായിരുന്നു വിഡിയോ. ഇതില്‍ ഇടപെട്ട ഒരു യാത്രക്കാരിയും വിദ്യാര്‍ഥിനികളും തമ്മിലാണ് വാഗ്വാദമുണ്ടായത്. സംഭവത്തില്‍ യാതൊരു വര്‍ഗീയ ചുവയും ഇല്ലെന്ന് പൊലീസും വ്യക്തമാക്കിയിരുന്നു.

എന്നാല്‍ കേരളത്തിന്‍റെ മതേതരത്വത്തെ പരിഹസിച്ചുകൊണ്ടായിരുന്നു അനില്‍ ആന്‍റണിയുടെ ട്വീറ്റ്. ഇതാണ് ഇൻഡ്യ മുന്നണിയും കോണ്‍ഗ്രസും സി.പി.എമ്മും രാജ്യമാകെ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന മതേതരത്വമെന്നായിരുന്നു അനിലിന്‍റെ പരിഹാസം. ഹമാസിന്‍റെ നടപടികളെ കോണ്‍ഗ്രസും സി.പി.എമ്മും സായുധ പ്രതിരോധമായാണ് കാണുന്നത്. ഈ രാഷ്ട്രീയ നേതൃത്വത്തിന് കീഴില്‍ കേരളം മൗലികവാദത്തിന്‍റെയും തീവ്രവാദത്തിന്‍റെയും വിളനിലമാവുകയാണെന്നും അനില്‍ ആന്‍റണി പറയുന്നു.

എന്നാല്‍, കുമ്ബളയിലെ സംഭവത്തിന്‍റെ യാഥാര്‍ഥ്യം സമൂഹമാധ്യമങ്ങള്‍ തുറന്നുകാട്ടിയതോടെ അനില്‍ ആന്‍റണി ട്വീറ്റ് ഡിലീറ്റ് ചെയ്തിരുന്നു.

ഫാക്‌ട് ചെക്കര്‍ മുഹമ്മദ് സുബൈര്‍ അനില്‍ ആന്‍റണിയുടെ വിദ്വേഷ പ്രചാരണത്തെ എക്സില്‍ തുറന്നുകാട്ടിയിരുന്നു. മലയാളിയായിരുന്നിട്ട് പോലും യജമാനന്മാരെ പ്രീതിപ്പെടുത്താൻ നുണ പ്രചരിപ്പിക്കുകയാണ് അനില്‍ ആന്‍റണിയെന്നായിരുന്നു സുബൈറിന്‍റെ ട്വീറ്റ്. ഇതിന് മറുപടിയായി ‘ഡിജിറ്റല്‍ ജിഹാദി ഫാക്‌ട് ചെക്കര്‍’ എന്നാണ് സുബൈറിനെ അനില്‍ ആന്‍റണി വിശേഷിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *