വിക്രം ആരാധകർ ഏറെ പ്രതീക്ഷയോടെ, വർഷങ്ങളായി കാത്തിരിക്കുന്ന ചിത്രമാണ് ‘ധ്രുവനച്ചത്തിരം’. ഗൗതം മേനോൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമെന്നതിനെക്കാൾ പ്രഖ്യാപിച്ചിട്ട് വർഷങ്ങളായിട്ടും പൂർത്തികരിക്കാത്ത ചിത്രമെന്ന നിലയിലാണ് ധ്രുവനച്ചത്തിരം പ്രേക്ഷകർക്കിടയിൽ ഇപ്പോഴും സജീവ ചർച്ചയാകുന്നത്. ഇതിനിടെ റിലീസ് സംബന്ധിച്ച് പല അപ്ഡേറ്റുകളും വന്നെങ്കിലും അതൊന്നുമല്ല പുതിയ തീയതി.
ചിത്രീകരണം തുടങ്ങി വർഷങ്ങളായിട്ടും കൂടുതൽ അപ്ഡേറ്റുകൾ പോലും ചിത്രത്തെക്കുറിച്ച് പുറത്തുവന്നിരുന്നില്ല. എന്നാൽ അടുത്തിടെ ചിത്രത്തിലെ പശ്ചാത്തല സംഗീതം ചിട്ടപ്പെടുത്തുകയാണെന്നും എല്ലാവരെയും തീയേറ്ററിൽ കാണാമെന്നും ഹാരീസ് ജയരാജ് ട്വിറ്ററിൽ കുറിച്ചതോടെയാണ് ചിത്രം റിലീസിന് തയാറെടുക്കുന്നെന്ന സൂചനകൾ വീണ്ടും വന്നുതുടങ്ങിയത്.
പിന്നീട് ജൂലൈ 14 ന് ചിത്രം പുറത്തിറങ്ങുമെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ റിലീസിംഗ് തിയതി വീണ്ടും മാറ്റിയിരിക്കുകയാണ് സംവിധായകൻ ഗൗതം മേനോൻ ഇപ്പോൾ.
ധ്രുവനച്ചത്തിരം അടുത്ത മാസം 28 ന് റിലീസ് ചെയ്യുമെന്നാണ് ഗൗതം മേനോന്റെ പ്രഖ്യാപനം. സിനിമയുടെ ചിത്രീകരണം പൂർത്തിയായെന്നും റിലീസിന് ഒരുങ്ങുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ട്രെയിലർ ജൂലൈ പകുതിയോടെ പുറത്തിറങ്ങും. എന്നാൽ നേരത്തെയും ഗൗതം മേനോൻ തന്നെ പല തവണ റിലീസിംഗ് തിയ്യതി പ്രഖ്യാപിക്കുകയും മാറ്റുകയും ചെയ്തതിനാൽ വിശ്വസിക്കാമോ എന്ന സംശയത്തിലാണ് സിനിമ ആരാധകർ.