മഹാരാഷ്ട്രയില്‍ ഒരു കുടുംബത്തിലെ അഞ്ചുപേരെ വിഷം നല്‍കി കൊലപ്പെടുത്തി

Breaking National

മുംബൈ:മഹാരാഷ്ട്രയിലും കൂടത്തായി മോഡല്‍ കൂട്ടക്കൊല. മഹാരാഷ്ട്രയിലെ ഗച്ച്‌റോളിയിലാണ് സംഭവം. ഒരു കുടുംബത്തിലെ അഞ്ചുപേരെ വിഷം നല്‍കി കൊലപ്പെടുത്തുകയായിരുന്നു.സംഭവത്തില്‍ ബന്ധുക്കളായ രണ്ട് സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തു. ഗച്ച്‌റോളിയിലെ ശങ്കര്‍ കുംഭാരെ, ഭാര്യ വിജയ, മക്കളായ റോഷന്‍, കോമള്‍, വിജയയുടെ സഹോദരി വര്‍ഷ എന്നിവരാണ് കൊല്ലപ്പെട്ടത്. ഒരു കുടുംബത്തിലെ ഈ അഞ്ച് പേരും 20 ദിവസത്തിനിടെയാണ് കൊല്ലപ്പെടുന്നത്. തുടര്‍ന്ന് നടത്തിയ പരിശോദനയില്‍ എല്ലാവരുടേയും മരണത്തില്‍ സാമ്യത കണ്ടെത്തുകയായിരുന്നു.
എല്ലാവരുടേയും ആരോഗ്യസ്ഥിതിയിലുണ്ടായത് ഒരേ മാറ്റങ്ങളായിരുന്നു. ഓരോരുത്തര്‍ക്കും പലസമയങ്ങളിലായി കുറഞ്ഞ അളവില്‍ വിഷം നല്‍കിയാണ് കൊലപ്പെടുത്തിയത്.

പ്രതികള്‍ സെപ്തംബര്‍ പകുതിയോടെയാണ് വിഷം നല്‍കി തുടങ്ങിയത്. ഇതിനായി പതിയെ ആന്തരികാവയവങ്ങളെ നശിപ്പിക്കുന്ന സ്ലോ പോയിസനാണ് ഉപയോഗിച്ചത്. കൊല്ലപ്പെട്ട റോഷന്റെ ഭാര്യ സംഘമിത്രയാണ് പ്രതികളിലൊരാള്‍. ബന്ധുക്കള്‍ക്ക് താത്പര്യമില്ലാതിരുന്ന വിവാഹമായിരുന്നു സംഘമിത്രയുടേത്. ഭര്‍ത്യവീട്ടില്‍ കടുത്ത ഗാര്‍ഹിക പീഡനം സംഘമിത്ര നേരിട്ടിരുന്നതായി പൊലീസ് പറയുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതിന്റെ പ്രകോപനമെന്നാണ് പൊലീസ് പറയുന്നത്.ഇതിന് മുന്‍പും ഇവര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായും പൊലീസ് കണ്ടെത്തിയട്ടുണ്ട്. ഈയിടെയാണ് സംഘമിത്രയുടെ അച്ഛന്‍ ആത്മഹത്യ ചെയ്തത്.

ഇതിന് പുറകിലും ഭര്‍ത്യവീട്ടുകാരുടെ പ്രേരണയുണ്ടായിരുന്നതായി ആരോപണം ഉണ്ട്. കൊല്ലപ്പെട്ട ശങ്കറിന്റെ ബന്ധു റോസയാണ് കേസിലെ രണ്ടാം പ്രതി. സ്വത്ത് തര്‍ക്കമാണ് ഇവരുടെ പക. സംഘമിത്രയ്ക്ക് കുടുംബവുമായുള്ള പ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞതിന് പിന്നാലെ റോസ കൊലപാതകത്തില്‍ ഒപ്പം ചേരുകയായിരുന്നു. വിഷത്തിനെ സംബന്ധിക്കുന്ന വിവരങ്ങള്‍ പ്രതികള്‍ക്ക് ലഭിച്ചത് ഓണ്‍ലൈന്‍ വഴിയാണ്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും ഇവരെ സഹായിച്ചവരെയും പിടികൂടുമെന്നും പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *