രാജ്യത്തെ ആദ്യ ആർആർടിഎസ് ട്രെയിനുകൾക്ക് ‘നമോ ഭാരത്’ എന്ന് പേരിട്ടതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്ത്. അദ്ദേഹത്തിന്‍റെ ആത്മാനുരാഗത്തിന് അതിരുകളില്ലെന്നാണ് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമായ എക്‌സിലെ പോസ്റ്റിൽ പ്രതികരിച്ചത്. “നമോ സ്റ്റേഡിയത്തിന് ശേഷം നമോ ഇപ്പോൾവീണ്ടും. അദ്ദേഹത്തിന്റെ ആത്മാനുരാഗത്തിന് അതിരുകളില്ല” ജയറാം രമേശ് കുറിച്ചു. അഹമ്മദാബാദിലെ ക്രിക്കറ്റ് സ്റ്റേഡിയത്തിന് പ്രധാനമന്ത്രിയുടെ പേരിട്ടത് ചൂണ്ടിക്കാട്ടിയായിരുന്നു ജയറാം രമേശിന്‍റെ പ്രതികരണം. ഭാരത് എന്ന് വേണ്ടെന്നും രാജ്യത്തിന്റെ പേര് നമോ എന്ന് മാറ്റാവുന്നതാണെന്നും കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേരയും പരിഹസിച്ചതായി ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.
ഡല്‍ഹി-ഗാസിയാബാദ്-മീററ്റ് പാതയിലാണ് റീജണല്‍ റെയില്‍ സര്‍വീസ് ഇടനാഴി. സെമി ഹൈസ്പീഡ് ട്രെയിന്‍ സര്‍വീസിലൂടെ നഗരങ്ങളെ ബന്ധിപ്പിക്കുന്ന പദ്ധതിയായ ആര്‍ആര്‍ടിഎസിന്റെ (റീജണല്‍ റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റം) ഭാഗമാണിത്. ഈ അതിവേഗ റെയില്‍പ്പാതയുടെ ആദ്യഘട്ട ഇടനാഴിയാണ് പ്രധാനമന്ത്രി വെള്ളിയാഴ്ച രാജ്യത്തിന് സമര്‍പ്പിക്കുന്നത്. ഡൽഹി-ഗാസിയാബാദ്-മീററ്റ് ഇടനാഴിക്ക് 2019 മാർച്ച് എട്ടിനാണ് പ്രധാനമന്ത്രി മോദി തറക്കല്ലിട്ടത്. പുതിയ ലോകോത്തര ഗതാഗത ഇൻഫ്രാസ്ട്രക്ചർ നിർമ്മിക്കുന്നതിലൂടെ രാജ്യത്തെ പ്രാദേശിക കണക്റ്റിവിറ്റി പരിവർത്തനം ചെയ്യാനുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടിന് അനുസൃതമായി, ആർആർടിഎസ് പദ്ധതി വികസിപ്പിക്കുക യാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ പ്രസ്താവനയിൽ പറഞ്ഞു