ലുലു മാളിലെ പാക് പതാക വിവാദം; കര്‍ണാടക ബിജെപി പ്രവര്‍ത്തകയ്ക്കെതിരെ കേസ്

Breaking Kerala

ബംഗളൂരു: ലുലു മാളിലെ പാക് പതാക വിവാദത്തില്‍ കര്‍ണാടകയിലെ ബിജെപി പ്രവര്‍ത്തകയ്‌ക്കെതിരെ കേസ്. ബിജെപി മീഡിയ സെല്‍ പ്രവര്‍ത്തകയായ ശകുന്തള നടരാജിനെതിരെയാണ് ജയനഗര്‍ പൊലീസ് കേസെടുത്തത്. വിദ്വേഷം പ്രചരിപ്പിക്കുന്ന രീതിയില്‍ സംഭവത്തെ കുറിച്ച് പോസ്റ്റ് പങ്കുവെച്ചതിനാണ് നടപടി.

കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിനെ ടാഗ് ചെയ്ത് പാക് പതാക വലുതായി തോന്നുന്ന ചിത്രം പങ്കുവെച്ച് ‘നിങ്ങള്‍ക്ക് കോമണ്‍സെന്‍സ് ഇല്ലേയെന്നും ഇന്ത്യന്‍ പതാകയ്ക്ക് മുകളില്‍ ഒരു പതാകയും പറക്കാന്‍ പാടില്ലെന്നും’ പറഞ്ഞായിരുന്നു പോസ്റ്റ്. ലുലു മാളിനെ ബഹിഷ്‌ക്കരിക്കാനുള്ള ഹാഷ്ടാഗും പോസ്റ്റിനോടൊപ്പം ഉണ്ടായിരുന്നു. കേസ് എടുത്തതിന് പിന്നാലെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പൊലീസ് ഇവര്‍ക്ക് നോട്ടീസ് അയച്ചു. ക്രിക്കറ്റ് ലോകകപ്പ് പ്രമാണിച്ച് പങ്കെടുക്കുന്ന ടീമുകളുടെ പതാകകള്‍ കൊച്ചി ലുലു മാളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് വ്യാജപ്രചരണം ഉണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *