ഗിന്നസുകാരുടെ സംഗമത്തിൽ ആറ് വയസ്കാരനും തൊണ്ണൂറ്റിയാറ് വയസ്കാരനും താരങ്ങളായി

Kerala

കോഴിക്കോട് :

വ്യക്തിഗത ഇനത്തിൽ കേരളത്തിൽ നിന്നും ഗിന്നസ് ലോക റെക്കോർഡ് നേടിയവരുടെ സംഘടനയായ AGRH(ആഗ്രഹ് ) ന്റെ എട്ടാമത്തെ വാർഷിക സംഗമത്തിൽ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ഗിന്നസ് റെക്കോർഡ് ജേതാവായ ആറ് വയസ്കാരൻ വിശ്വജിത്തും, ഏറ്റവും പ്രായം കൂടിയ ഗിന്നസ് റെക്കോർഡ് ഹോൾഡറായ തൊണ്ണൂറ്റിയാറ് വയസുകാരനായ അഡ്വ പി. ബി. മേനോനും താരങ്ങളായി.
കോഴിക്കോട് നളന്ദ ഹോട്ടലിൽ വെച്ച് നടന്ന ചടങ്ങ് മദ്രാസ് ഇൻഫാൻട്രി ബെറ്റാലിയൻ കമാന്റിങ് ഓഫീസർ കേണൽ ഡി നവീൻ ബെൻജിത് ഉത്ഘാടനം ചെയ്തു.
മേജർ മധു സെത് മുഖ്യഥിതിയായിരുന്നു.
ആഗ്രഹ് സംസ്ഥാന പ്രസിഡന്റ് ഗിന്നസ് സത്താർ ആദൂർ അധ്യക്ഷത വഹിച്ചു.

68 വർഷത്തെ ഗിന്നസിന്റെ ചരിത്രത്തിൽ ഇന്ത്യയിൽ നിന്ന് 500 ഓളം പേർക്ക് മാത്രമേ ഗിന്നസ് റെക്കോർഡ് നേട്ടം കൈവരിക്കാൻ സാധിച്ചിട്ടുള്ളൂവെന്നും അതിൽ 73 പേർ കേരളത്തിൽ നിന്നുള്ളവരാണെന്നും യോഗം വിലയിരുത്തി.
ഇതിൽ 37 പേരെ ഗിന്നസ് റെക്കോർഡിലേക്ക് എത്തിക്കുന്നതിനു വേണ്ടി പ്രവർത്തിച്ച ആഗ്രഹ് സെക്രട്ടറി ഗിന്നസ് സുനിൽ ജോസഫിനെ യോഗം പ്രത്യേകം അഭിനന്ദിച്ചു.

ലോക ശ്രദ്ധ നേടിയ ഗിന്നസ് റെക്കോർഡ് ജേതാക്കാൾക്ക് ഗവൺമെന്റിന്റെ ഭാഗത്ത് നിന്ന് അർഹമായ പരിഗണന ലഭിക്കുന്നതിനുവേണ്ടിയുള്ള നിവേദനങ്ങൾ സമർപ്പിച്ചിട്ടും യാതൊരു തുടർനടപടികളും ഉണ്ടായിട്ടില്ലെന്നും ആവശ്യമായ കാര്യങ്ങൾ നേടിയെടുക്കുന്നതിനുവേണ്ടി പ്രത്യക്ഷ സമരപരിപാടികൾ ആസൂത്രണം ചെയ്യുമെന്നും യോഗം അറിയിച്ചു.

ഒരു മിനിറ്റിൽ ഏറ്റവും കൂടുതൽ ദിനോസറുകളെ തിരിച്ചറിഞ്ഞതിലൂടെ ഗിന്നസ് നേടിയ ഒന്നാം ക്‌ളാസ്സുകാരനായ വിശ്വജിത്തിനും, 22 വയസ് മുതൽ 96 വയസ് വരെയുള്ള വക്കീൽ ജീവിതത്തിൽ ഏറ്റവും കൂടുതൽ ദിവസം കോടതിയിൽ ഹാജരായി ഗിന്നസ് നേട്ടം കൈവരിച്ച അഡ്വ പി.ബി.മേനോനുംമുള്ള ഗിന്നസ് റെക്കോർഡ് സർട്ടിഫിക്കറ്റ് കേണൽ ഡി നവീൻ ബെൻ ജിത് സമ്മാനിച്ചു. ഈ വർഷം ഗിന്നസ് നേട്ടം കൈവരിച്ച 13 പേരെയും ചടങ്ങിൽ ആദരിച്ചു.

ആഗ്രഹ് സംസ്ഥാന കമ്മറ്റിയുടെ പുതിയ ഭാരവാഹികളായി സത്താർ ആദൂർ (പ്രസിഡന്റ്‌ ), സുനിൽ ജോസഫ് (സെക്രട്ടറി), പ്രിജേഷ് കണ്ണൻ (ട്രഷറർ ), അശ്വിൻ വാഴുവേലിൽ( ചീഫ് കോഡിനേറ്റർ), തോമസ് ജോർജ്, ലത ആർ. പ്രസാദ് ( വൈസ് പ്രസിഡന്റ് ), റിനീഷ്, ജോബ് പൊട്ടാസ് (ജോ. സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *