36 ദിവസം പ്രായമായ നവജാത ശിശുവിനെ കിണറ്റിൽ എറിഞ്ഞു കൊന്നത് അമ്മ. കടുത്ത മാനസിക പ്രശ്നങ്ങളും സാമ്പത്തിക പ്രശ്നങ്ങളും ആണ് കൊലയ്ക്ക് പിന്നിൽ എന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. തിരുവനന്തപുരം പോത്തൻകോട് മഞ്ഞമലയിൽ ആയിരുന്നു നാടിനെ നടുക്കിയ സംഭവം.
മഞ്ഞമല സ്വദേശികളായ സുജിത-സജി ദമ്പതികളുടെ 36 ദിവസം മാത്രം പ്രായമായ മകൻ ശ്രീദേവാണ് കൊല്ലപ്പെട്ടത്. രണ്ടു മണിയോടെ ഉണർന്ന കുട്ടിയുടെ പിതാവ് കട്ടിലിൽ കുഞ്ഞിനെ അമ്മയോടൊപ്പം കാണാത്തതിനെ തുടർന്ന് അന്വേഷിക്കുകയായിരുന്നു. പരിസരം മുഴുവൻ പരിശോധിക്കുന്നതിനിടെ കിണറിന്റെ വശത്തായി കുട്ടിയുടെ ടവൽ കണ്ടു. തുടർന്ന് പൊലീസിനെ അറിയിച്ച് ഫയർഫോഴ്സും എത്തി കിണറ്റിൽ ഇറങ്ങി പരിശോധിച്ചപ്പോഴാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.