കൊച്ചി: 250 റോബോട്ടിക്ക് മുട്ട് മാറ്റിവെയ്ക്കൽ ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കി ആസ്റ്റർ മെഡ്സിറ്റി. സെന്റർ ഫോർ എക്സലൻസ് ഇൻ ഓർത്തോപീഡിക്സ് ആൻഡ് റൂമറ്റോളജി വിഭാഗമാണ് ഒരു വർഷത്തിനുള്ളിൽ ഈ നേട്ടം കൈവരിച്ചത്. ആസ്റ്റർ മെഡ്സിറ്റി ക്യാമ്പസ്സിൽ വച്ചു നടന്ന ഈ ശസ്ത്രക്രിയയിലൂടെ രോഗം ഭേദമായവരുടെ സംഗമം വേറിട്ട അനുഭവമായി. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ എംഡിയും മുൻ സംസ്ഥാന ഡിജിപിയുമായ ലോക്നാഥ് ബെഹ്‌റ പരിപാടി ഉദ്‌ഘാടനം ചെയ്തു.
ഏറ്റവും മികച്ച ഓർത്തോപീഡിക് ചികിത്സ ലഭ്യമാക്കുന്നതിനുള്ള ആസ്റ്റർ മെഡ്സിറ്റിയുടെ നിരന്തരശ്രമങ്ങൾക്കുള്ള അംഗീകാരമാണ് ഈ നേട്ടമെന്ന് ഓർത്തോപീഡിക് സർജറി വിഭാഗത്തിലെ സീനിയർ കൺസൾട്ടന്റ് ഡോക്ടർ വിജയ മോഹൻ എസ് അഭിപ്രായപ്പെട്ടു.
പരിപാടിയിൽ ഒത്തുകൂടിയവർ വിവിധയിനം മത്സരങ്ങളിൽ ഏർപ്പെട്ടു. ഡിക്കാതലോണുമായി ചേർന്ന് ഗോൾഫ്, ഡാർട്ട് തുടങ്ങിയ മത്സരങ്ങളും സജ്ജമാക്കിയിരുന്നു. മുട്ടുസംബന്ധമായ പ്രശ്നങ്ങളെ അതിജീവിച്ച രോഗികളും അവരുടെ ഡോക്ടർമാരും ചേർന്ന് നടത്തിയ റാമ്പ് വാക്ക് വേറിട്ട കാഴ്ചയായി.
പരിപാടിയോടനുബന്ധിച്ച് മൂന്ന് ദിവസമായി നടന്ന ഓർത്തോ റോബോട്ട് എക്സ്പോയും സമാപിച്ചു. മുട്ടുമാറ്റിവെയ്ക്കൽ ശസ്ത്രക്രിയക്ക് ഉപയോഗിക്കുന്ന അത്യാധുനിക റോബോട്ടുകൾ പ്രദർശനത്തിലെ കൗതുകകാഴ്ചയായി. വൈദ്യശാസ്ത്രരംഗത്ത് പ്രവർത്തിക്കുന്നവർക്കും സാധാരണക്കാർക്കും ധാരാളം പുതിയ അറിവുകൾ നൽകുന്നതായിരുന്നു എക്സ്പോ. ശസ്ത്രക്രിയയുടെ കൃത്യത വർധിപ്പിക്കുന്നതിലും രോഗത്തിൽ നിന്നുള്ള മോചനം വേഗത്തിലാക്കുന്നതിലും റോബോട്ടുകൾ വഹിക്കുന്ന പങ്ക് ചർച്ചയായി.