ഫണ്ടിങ് റൗണ്ടിലൂടെ 120 കോടി രൂപ സമാഹരിച്ചതായി സിംഗപ്പൂരിൽ നിന്നുള്ള എഫ്.എം.സി.ജി കമ്പനിയായ ബിലീവ് പ്രൈവറ്റ് ലിമിറ്റഡ് (Believe Pte Ltd). നിലവിലെ നിക്ഷേപകരായ വെന്ററി പാർട്ണർസ്, 360 വൺ, ആക്സൽ, ജംഗിൾ വെഞ്ചേഴ്‌സ്, അൽറ്റീരിയ ക്യാപിറ്റൽ, ജെനെസിസ് ആൾട്ടർനേറ്റീവ് വെഞ്ചേഴ്‌സ് എന്നീ കമ്പനികൾ തന്നെയാണ് ഫണ്ടിങ്ങിന് പിന്തുണ നൽകിയിട്ടുള്ളത്.
നിലവിൽ ഒമ്പത് രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന കമ്പനിക്ക് “ലഫ്സ്”, “സെയ്‌ൻ ആൻഡ് മൈസ” എന്നിങ്ങനെ രണ്ട് ബ്രാൻഡുകളാണുള്ളത്. ആൽക്കഹോൾ അടങ്ങിയിട്ടില്ലാത്ത ബോഡിസ്പ്രേകളിലൂടെയാണ് ലഫ്സ് എന്ന ബ്രാൻഡ് സുപരിചിതമായത്. മുടിയിഴകളുടെ ആരോഗ്യത്തിന് പോഷകസമൃദ്ധമായ കരിംജീരകത്തിന്റെയും ഉള്ളിയുടെയും സത്ത പിഴിഞ്ഞെടുത്തു ചേർത്ത കേശസംരക്ഷണ ഉൽപ്പന്നങ്ങളും കമ്പനി പുറത്തിറക്കുന്നു. നിറയെ ആന്റിഓക്സിഡന്റുകൽ അടങ്ങിയിട്ടുള്ള ഈ ഉൽപ്പന്നം ഉപയോഗിക്കുമ്പോൾ ഏറെ സുഖകരമായ പ്രതീതിയും ലഭിക്കുന്നു. ശുദ്ധവും പ്രകൃതിദത്തവുമായ ചേരുവകൾ മാത്രമടങ്ങിയിട്ടുള്ള ചർമസംരക്ഷണ ഉൽപ്പന്നങ്ങളാണ് സെയ്‌ൻ ആൻഡ് മൈസയുടേത്. ചർമം തിളക്കമുള്ളതാക്കാൻ വൈറ്റമിൻ സി ഉൾപ്പെടെയുള്ള ഘടകങ്ങൾ ചേർത്തിട്ടുണ്ട്. ഫേസ്‌വാഷും സെറവും, പകലും രാത്രിയും പുരട്ടാനുള്ള ക്രീമുകളും ഇക്കൂട്ടത്തിൽ ലഭ്യമാണ്.
ഉപഭോക്താക്കൾക്ക് ആവശ്യമുള്ള വസ്തുക്കൾ സൗകര്യപൂർവം വാങ്ങാൻ ഒരു ലക്ഷത്തിലേറെ വില്പനകേന്ദ്രങ്ങളാണ് ലഫ്‌സിനും സെയ്‌ൻ ആൻഡ് മൈസയ്ക്കുമുള്ളത്. രാജ്യത്തിൻറെ വിവിധ സംസ്ഥാനങ്ങളിൽ ഇതിനോടകം ശക്തമായ സാന്നിധ്യമറിയിച്ചു കഴിഞ്ഞ സുദൃഢമായ ഈ നെറ്റ്‌വർക്ക് കൂടുതൽ വിശാലമാക്കാൻ ഒരുങ്ങുകയാണ് കമ്പനി. കൂടാതെ ആമസോൺ, ഫ്ലിപ്കാർട്, നൈക ഉൾപ്പെടെയുള്ള പ്രമുഖ ഷോപ്പിംഗ് സൈറ്റുകളിലും ഉൽപ്പന്നങ്ങൾ ലഭ്യമാണ്.
മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലുൾപ്പെടെ വ്യാപാരം കൂടുതൽ വിശാലമാക്കാനും പുതിയ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കാനുമുള്ള സജീവശ്രമത്തിലാണ് കമ്പനി. അഞ്ച് ബിസിനസ് യൂണിറ്റുകൾ ഉള്ളതിൽ മൂന്നെണ്ണവും മികച്ച എബിറ്റ്ഡ പ്രകടനമാണ് കാഴ്ചവെക്കുന്നത്. നികുതിക്കും പലിശയ്ക്കും മൂല്യാപചയത്തിനും ശേഷമുള്ള കമ്പനിയുടെ പ്രകടനമികവിനെ സൂചിപ്പിക്കുന്നതാണ് എബിറ്റ്ഡ. അടുത്ത ആറ് മാസത്തിനുള്ളിൽ അവശേഷിക്കുന്ന ബിസിനസുകളിലും സമാനമായ നേട്ടം കൈവരിക്കാനുള്ള പദ്ധതികൾ തുടങ്ങിക്കഴിഞ്ഞു. ഇന്ത്യയിൽ കമ്പനി നേരിട്ട് നടത്തുന്ന വില്പനകേന്ദ്രങ്ങളുടെ എണ്ണം 700 ൽ നിന്ന് 1200 ആയി കൂട്ടാനും ലക്ഷ്യമിടുന്നു. തങ്ങളുടെ കമ്പനിയിലുള്ള നിക്ഷേപകരുടെ വിശ്വാസമാണ് ഈ മൂലധനസമാഹരണത്തിൽ പ്രതിഫലിക്കുന്നതെന്ന് കമ്പനിയുടെ സിഇഒ അങ്കിത് മഹാജൻ പറഞ്ഞു. ദീർഘകാലാടിസ്ഥാനത്തിലുള്ള വിജയത്തിന് വേണ്ടി പ്രയത്നിക്കാനുള്ള ആത്മവിശ്വാസം കമ്പനിക്കുണ്ട്. ജീവനക്കാരുടെ ഒത്തൊരുമയുടെയും നിക്ഷേപകരുടെ വിശ്വാസത്തിന്റെയും ഉപഭോക്താക്കളുടെ അചഞ്ചലമായ പിന്തുണയുടെയും ഫലമാണ് ഈ വിജയമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യക്ക് പുറമെ, സൗദി അറേബ്യ, യുഎഇ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലും ബിലീവിന് ശക്തമായ സാന്നിധ്യമുണ്ട്.