111 കിലോ കഞ്ചാവ് കൊടുങ്ങല്ലൂരില്‍ നിന്ന് പിടികൂടി

Kerala

കൊടുങ്ങല്ലൂർ: ഒഡിഷയിലെ കഞ്ചാവുതോട്ടത്തില്‍നിന്ന് നിരവധി ചെക്ക്പോസ്റ്റുകള്‍ മറികടന്ന് കടത്തിക്കൊണ്ടുവന്ന 111 കിലോ കഞ്ചാവ് കൊടുങ്ങല്ലൂരില്‍ പൊലീസ് പിടികൂടി.സംഭവവുമായി ബന്ധപ്പെട്ട് അന്തിക്കാട് സ്വദേശികളായ രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു.

തൃശൂർ റൂറല്‍ ഡാൻസാഫും കൊടുങ്ങല്ലൂർ പൊലീസും നടത്തിയ സംയുക്ത പരിശോധനയിലാണ് നാഷനല്‍ പെർമിറ്റ് ലോറിയില്‍ രഹസ്യ അറയില്‍ പാക്കറ്റുകളായി സൂക്ഷിച്ച കഞ്ചാവ് പിടിച്ചെടുത്തത്. ലോറിയിലുണ്ടായിരുന്ന അന്തിക്കാട് സ്വദേശികളായ മേനോൻ ഷെഡ് പൊയ്യാറവീട്ടില്‍ അനുസല്‍ (29), പുത്തൻപീടിക വള്ളൂർ ആരിവീട്ടില്‍ ശരത്ത് (35) എന്നിവരാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച പുലർച്ച അഞ്ച് മണിയോടെ കൊടുങ്ങല്ലൂർ തെക്കേ നടയിലാണ് കഞ്ചാവുവേട്ട നടന്നത്.

രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ വാഹന പരിശോധനയിലാണ് ഇടുക്കി രജിസ്ട്രേഷനിലുള്ള ലോറി പിടിയിലായത്. എറണാകുളം ജില്ലയിലേക്കാണ് കഞ്ചാവ് കൊണ്ടുപോയിരുന്നത്.

റൂറല്‍ എസ്.പി നവനീത് ശർമക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് റൂറല്‍ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എൻ. മുരളീധരൻ, കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി എം. സന്തോഷ് കുമാർ, ഡാൻസാഫ് എസ്.ഐമാരായ സി.ആർ. പ്രദീപ്, ജയകൃഷ്ണൻ, സ്റ്റീഫൻ, സതീശൻ, ഷൈൻ, എ.എസ്.ഐ മൂസ, എസ്.സി.പി.ഒ സൂരജ്, ലിജു ഇയ്യാനി, എം.ജെ. ബിനു, ഷിജോ, മാനുവല്‍, സോണി സേവ്യർ, സി.പി.ഒ നിഷാന്ത്, സൈബർ സെല്‍ ഉദ്യോഗസ്ഥരായ സില്‍ജോ, ലാലു, കൊടുങ്ങല്ലൂർ എസ്.ഐമാരായ സജിനി, ഉണ്ണികൃഷ്ണൻ, സെബി, പ്രീജു, സി.പി.ഒ അബീഷ് എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് വേട്ടയില്‍ പങ്കാളികളായത്.

Leave a Reply

Your email address will not be published. Required fields are marked *